വൈക്കം: അറ്റകുറ്റപ്പണികൾക്കായി ഡ്രൈ ഡോക്കിൽ കയറ്റിയ ഹൗസ് ബോട്ടുകൾ കത്തി നശിച്ചു. വെച്ചൂർ ശാസ്തക്കുളത്തിന് സമീപം കാലോരത്ത് ടി.ആർ.സത്യന്റെ ഉടമസ്ഥതയിലുള്ള ടി.ആർ.ഡോക്കിലാണ് രണ്ട് ഹൗസ് ബോട്ടുകൾ കത്തിനശിച്ചത്. കുമരകം, വെച്ചൂർ പുത്തൻകായൽ എന്നിവടങ്ങൾ കേന്ദ്രീകരിച്ച് സർവീസ് നടത്തുന്ന കുമരകം കാസിൽ, അക്വാ ജംബോ എന്നീ ഹൗസ് ബോട്ടുകളാണ് പൂർണമായി നശിച്ചത്. ഇന്നലെ പുലർച്ചെ ഒന്നോടെയാണ് സംഭവം. ഡോക്കിലെ ജീവനക്കാരും ഉടമയും നാട്ടുകാരും ചേർന്ന് മറ്റു ഹൗസ് ബോട്ടുകൾ പുറത്തേക്ക് മാറ്റിയതിനാൽ വൻ നാശമൊഴിവായി. വൈക്കത്ത് നിന്നും ഫയർഫോഴ്‌സ് എത്തിയാണ് തീയണച്ചത്. രണ്ട് കോടിയിലധികം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. അതിരമ്പുഴ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഇരുനിലയുള്ള ഹൗസ് ബോട്ടിന് ഒരു കോടിയിലധികം രൂപ വില വരും. ഇരുനിലയുള്ള ഹൗസ് ബോട്ട് അറ്റകുറ്റപണി പൂർത്തിയായതിനാൽ തിങ്കളാഴ്ച കൊണ്ടുപോകാനിരിക്കുകയായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് നിഗമനം.
ഫോട്ടോ:
വെച്ചൂർ ശാസ്തക്കുളത്തിന് സമീപം കാലോരത്തെ ഡോക്കിൽ അറ്റകുറ്റ പണിക്കായി ഡ്രൈ ഡോക്ക് ചെയ്ത ഹൗസ് ബോട്ടുകൾ കത്തിനശിച്ച നിലയിൽ