കോട്ടയം: ആർ.സി ബുക്കുകൾ ഔദാര്യമല്ല ഉടമയുടെ അവകാശമാണ് എന്നാവശ്യപ്പെട്ട് സർക്കാരിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും കെടുകാര്യസ്ഥതയ്ക്കും ജനവഞ്ചനയ്ക്കുമെതിരെ കേരള സ്റ്റേറ്റ് യൂസ്‌ഡ് വെഹിക്കിൾ ഡിലേഴ്സ് ആൻഡ് ബ്രോക്കേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10-ന് കേരളത്തിലെ 14 ജില്ലാ ആർ ടി ഓഫീസുകളിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തും.
കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ രാവിലെ ഗാന്ധി സ്ക്വയറിൽ നിന്നും ബഹുജന മാർച്ച് ആരംഭിക്കും. ധർണ്ണ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി സോണി വലിയകാപ്പിൽ മുഖ്യ പ്രഭാഷണം നടത്തും. ആർ.സി ബുക്ക് ലൈസൻസ് പ്രിന്റിംഗുകളിലെ കെടുകാര്യസ്ഥത അവസാനിപ്പിക്കുക, പ്രിന്റിംഗ് ധൃതഗതിയിലാക്കുക, വാഹന തൊഴിൽ മേഖലയെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരത്തിലൂടെ ഉന്നയിക്കുന്നതെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി സോണി വലിയ കാപ്പിൽ, വൈസ് പ്രസിഡന്റ് ബേബി വർഗീസ്, ജില്ലാ പ്രസിഡന്റ് ബിജോയി വാക്കാട്, ജനറൽ സെക്രട്ടറി ഹബീസ് എം.കെ, എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.