ചങ്ങനാശേരി : എ സി കനാൽ പുത്തനാറിൽ വീണ്ടും പോള ദുരിതം. കനാലിൽ നിറഞ്ഞ ആഫ്രിക്കൻ പോള ലക്ഷങ്ങൾ മുടക്കി നീക്കം ചെയ്ത് ഒരുമാസം പിന്നിട്ടില്ല. വീണ്ടും പഴയ അവസ്ഥയിൽ തന്നെ. എ സി കനാലിന് അരികിൽ 40തിലധികം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഇവരുടെ അടിയന്തര ആവശ്യങ്ങൾക്ക് പ്രധാന റോഡിലെത്തുവാൻ (മനയ്ക്കച്ചിറ) കനാലിന് കുറുകെ ചങ്ങാടം തുഴയുകയാണ് പതിവ്. എന്നാൽ പോള തിങ്ങി നിറഞ്ഞ തോട്ടിലൂടെ ഇത് സാദ്ധ്യമല്ല. ഒന്നാം പാലത്തിന് എതിർ ദിശയിൽ താമസിക്കുന്നവരാണ് കനാലിലൂടെയുള്ള യാത്രയെ കൂടുതൽ ആശ്രയിക്കുന്നത്. ഇവർക്കാണ് പോള ദുരിതം നിറയ്ക്കുന്നത്. എറിഗേഷൻ ഡിപ്പാർട്ട്‌മെന്റ് വീണ്ടും അളവെടുത്ത് എസ്റ്റിമേറ്റ് തയാറാക്കി പോള നീക്കം ചെയ്യുന്നതിന് കരാർ നൽകുവാൻ ഇനിയും മാസങ്ങൾ കാത്തിരിക്കണം.
കനാലിൽ ഇറങ്ങി പോളവാരൽ
സർക്കാർ പോള നീക്കം ചെയ്യുന്നത് വരെ കാത്തിരിക്കുവാൻ തങ്ങൾ തയാറല്ല എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് പ്രദേശവാസികളായ സുരേഷും, ബാബുവും എ സി കനാലിൽ ഇറങ്ങിയത്. കനാലിന് കുറുകെ കയർ കെട്ടി പൊങ്ങ് വള്ളത്തിൽ ഇരുന്നാണ് പോള നീക്കം ചെയ്യുന്നത്. വലിയ മുള തോട്ടിൽ കുത്തിയിറക്കി കയർ കൊണ്ട് കൂട്ടിക്കെട്ടി വേലി നിർമ്മിച്ചാണ് പോളയെ തടഞ്ഞു നിർത്തിയിരിക്കുന്നത്. പ്രായമായവരെയും കൊണ്ട് ആശുപത്രിയിൽ പോകണമെങ്കിൽ ഇതല്ലാതെ എളുപ്പമാർഗ്ഗം വേറെയില്ല. അലക്കാനും കുളിക്കാനും മുൻപ് കനാലിലെ വെള്ളം ഉപയോഗിച്ചിരിന്നു. ഇപ്പോൾ മാലിന്യം അടിഞ്ഞു കൂടിയിരിക്കുന്നു. ഇത് നീക്കം ചെയ്യണം. പോള പൂർണമായി നിറഞ്ഞ ശേഷം ലക്ഷങ്ങൾ മുടക്കി വാരുന്നതിന് പകരം പ്രദേശവാസികളെ ഉൾപ്പെടുത്തി സ്ഥിരം സംവിധാനം ഒരുക്കണമെന്ന ആവശ്യവും ശക്തമാണ്.