വൈക്കം : മേയ് അഞ്ചു മുതൽ നടന്നുവന്നിരുന്ന വൈക്കം റേഞ്ച് എട്ടാം ഗ്രൂപ്പിലെ ചെത്ത് തൊഴിലാളി സമരം സി.പി.ഐ ജില്ലാ കൗൺസിൽ ഓഫീസിൽ നടന്ന അനുരഞ്ജന ചർച്ചയിൽ ഒത്തുതീർപ്പായി. പൂത്തോട്ട ഷാപ്പിൽ നിന്നും സൂപ്പർ ആനുവേഷനെ തുടർന്ന് പിരിയുന്ന ചെത്തുതൊഴിലാളി അനിൽകുമാറിന് പകരം യൂണിയൻ നിർദ്ദേശിക്കുന്ന ആളെ നിയമിക്കാൻ തീരുമാനിച്ചുകൊണ്ടാണ് ഒത്തുതീർപ്പായത്. ഒത്തുതീർപ്പ് ചർച്ചയിൽ യൂണിയനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് അഡ്വ.വി.ബി. ബിനു, ജനറൽ സെക്രട്ടറി ടി.എൻ.രമേശൻ, ജോ.സെക്രട്ടറി കെ.എ.രവീന്ദ്രൻ, ട്രഷറർ ബി.രാജേന്ദ്രൻ എന്നിവരും കോൺട്രാക്ടർമാരായ വി.സുഭാഷ്, വി.കെ. രാജേന്ദ്രൻ, കെ.ജി മോഹൻദാസ് എന്നിവരും ലൈസൻസീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം.എസ്. മോഹനനും പങ്കെടുത്തു. ഈ ഒത്തുതീർപ്പിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ നടന്നുവരുന്ന സൂചനാ സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചതായി ജനറൽ സെക്രട്ടറി ടി.എൻ.രമേശൻ അറിയിച്ചു.