പാലാ: ''എല്ലാവർക്കുംവേണ്ടി പ്രാർത്ഥിച്ചുകൊണ്ട് എന്റെ എളിയവാക്കുകൾ ഇവിടെ അവസാനിപ്പിക്കുന്നു. വീണ്ടും കാണാം... ഓ.കെ.''. മുത്തോലി സെന്റ് ആന്റണീസ് ഹൈസ്‌കൂളിലെ പഴയ പത്താംക്ലാസ് വിദ്യാർത്ഥികളുടെ യോഗത്തിൽ പ്രിയ ശിഷ്യർക്കുവേണ്ടി പ്രാർത്ഥിച്ചുകൊണ്ട് പ്രസംഗം അവസാനിപ്പിച്ച സി.വി. മാത്യുസാർ പിറ്റേന്ന് വൈകിട്ട് നിത്യതയിലേക്ക് യാത്രയായി. തങ്ങൾക്ക് ആശംസ നേർന്നുപോയ പ്രിയപ്പെട്ട അദ്ധ്യാപകൻ നിനച്ചിരിക്കാതെ നിത്യതയിലേക്ക് യാത്രയായതറിഞ്ഞ് ശിഷ്യർ സ്തബ്ധരായി. തിങ്കളാഴ്ച രാത്രി ഉറക്കത്തിലായിരുന്നു റിട്ട. മലയാളം അദ്ധ്യാപകൻ സി.വി. മാത്യുവിന്റെ നിര്യാണം.
മുത്തോലി സെന്റ് ആന്റണീസ് ഹൈസ്‌കൂളിൽ നിന്ന് 1980 ൽ പത്താം ക്ലാസ് കഴിഞ്ഞിറങ്ങിയ സഹപാഠികളുടെ സംഗമം ഞായറാഴ്ച ഉച്ചകഴിഞ്ഞായിരുന്നു. സി.വി. മാത്യു മുരിയൻകരിയിൽ ഉൾപ്പെടെ പഴയകാല അദ്ധ്യാപകരെയെല്ലാം സംഗമത്തിലേക്ക് പഴയ ശിഷ്യർ ക്ഷണിച്ചിരുന്നു. ഈ സമ്മേളനത്തിൽ പങ്കെടുത്ത സി.വി. മാത്യു തന്റെ ''കുട്ടികളെ'' അഭിസംബോധന ചെയ്യവേ അക്കാലത്തെ സ്‌കൂളിന്റെ പ്രവർത്തനവും ശോച്യാവസ്ഥയിലായിരുന്ന അന്നത്തെ സ്‌കൂൾ പുതുക്കി പണിത കാര്യവുമൊക്കെ വിശദമായി സംസാരിച്ചു. തുടർന്ന് എല്ലാവർക്കുംവേണ്ടി പ്രാർത്ഥിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്. സമ്മേളനത്തിൽ സി.വി. മാത്യു സാറിനെ പഴയശിഷ്യൻ ജോസ് ജേക്കബ് തേവർകുന്നേൽ ഷാൾ അണിയിക്കുകയും മാത്യു കോയിപ്പുറം ഉപഹാരം സമർപ്പിക്കുകയും ചെയ്തിരുന്നു. തിങ്കളാഴ്ച രാത്രി ഉറങ്ങാൻ കിടന്ന അദ്ദേഹം ചൊവ്വാഴ്ച പുലർച്ചെ ഉണർന്നില്ല. പുലിയന്നൂർ തെക്കുംമുറി മുരിയൻകരിയിൽ കുടുംബാംഗമാണ്. വിദേശത്തുള്ള മക്കൾ വന്നിട്ടേ സംസ്‌കാര സമയം തീരുമാനിക്കൂ.
തിങ്കളാഴ്ചയും സാറിനെ വിളിച്ചിരുന്നു: ബിജു കുഴിമുള്ളിൽ
ഞായറാഴ്ചത്തെ പഴയകാല സഹപാഠികളുടെ കൂട്ടായ്മയിൽ പങ്കെടുത്ത സി.വി. മാത്യുസാറിനെ തിങ്കളാഴ്ചയും ഫോണിൽ വിളിച്ചിരുന്നതായി ശിഷ്യനും മുൻ ഇന്ത്യൻ ഗുസ്തി ടീം കോച്ചുമായ ബിജു കുഴിമുള്ളിൽ പറഞ്ഞു. യോഗത്തിൽ പങ്കെടുത്തതിൽ മാത്യുസാർ വളരെ ത്രില്ലിലായിരുന്നു. ഇതുപോലൊരു നല്ല അനുഭവം വേറെ കിട്ടിയിട്ടില്ലെന്നും എല്ലാവരെയും കണ്ടതിൽ മനസുനിറഞ്ഞുവെന്നും അദ്ദേഹം ഫോണിൽ പറഞ്ഞതായി ബിജു വിശദീകരിച്ചു. ഒരു വിദ്യാർത്ഥിയെപ്പോലും തല്ലാത്ത അദ്ധ്യാപകനായിരുന്ന മാത്യു സാർ. എപ്പോഴും ചിരിച്ചുകൊണ്ട് നടക്കുന്ന വ്യക്തിത്വമായിരുന്നുവെന്നും ബിജു കുഴിമുള്ളിൽ പറഞ്ഞു.
സുനിൽ പാലാ