കോട്ടയം : പോള ശല്യത്തെ തുടർന്ന് നിറുത്തിവച്ച കോട്ടയം - ആലപ്പുഴ ബോട്ട് സർവീസ് നാളെ പുന:രാരംഭിക്കും. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയിൽ ബോട്ട് സർവീസ് മുടങ്ങിയ സംബന്ധിച്ച ഹിയറിംഗിലാണ് ഉദ്യോഗസ്ഥരുടെ ഉറപ്പ്. തണ്ണീർമുക്കം ബണ്ട് കൃത്യസമയത്ത് തുറക്കാൻ സാധിക്കുകയാണെങ്കിൽ പോള പ്രശ്നം നിയന്ത്രിക്കാമെന്ന് ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. വർഷകാലത്ത് വൻതോതിൽ ചെളിയും എക്കലും അടിഞ്ഞ് ബോട്ട് ചാലിന്റെ ആഴം കുറഞ്ഞിട്ടുണ്ടെന്ന് ജലഗതാഗത വകുപ്പ് ഉദ്യോസ്ഥർ അറിയിച്ചു. ജലപാതയിലെ ചെറിയ പാലങ്ങൾ അറ്റകുറ്റപ്പണി നടത്തുമ്പോൾ ബോട്ട് സർവീസ് മുടങ്ങാറുണ്ടെന്ന് അധികൃതർ അറിയിച്ചു. പോള വാരൽ യന്ത്രം നന്നാക്കാൻ 5 ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് ഉദ്യോഗസ്ഥർ അറിയിച്ചു. കേസ് അടുത്ത ജൂൺ 27 ന് പരിഗണിക്കും.