village-toil

ചങ്ങനാശേരി : അസൗകര്യങ്ങൾക്ക് നടുവിൽ രണ്ട് സർക്കാർ സ്ഥാപനങ്ങൾ. കുന്നുംപുറത്ത് 20 സെന്റോളം വരുന്ന റവന്യൂഭൂമിയിൽ സ്ഥിതി ചെയ്യുന്ന തൃക്കൊടിത്താനം മൃഗാശുപത്രിയും വില്ലേജ് ഓഫീസുമാണ് സൗകര്യങ്ങൾ തേടുന്നത്. സ്ഥാപനങ്ങളുടെ പരിസരമാകെ കാട് വളർന്നു നിൽക്കുന്നു. ആഴ്ചകൾക്ക് മുൻപ് വില്ലേജ് ഓഫീസിന്റെ ജനാലയുടെ കമ്പിയിൽ മൂർഖൻ പാമ്പ് എത്തിയിരുന്നു. കീരിയും, മരപ്പട്ടിയും ഉൾപ്പടെയുള്ളവയും റവന്യൂ ഭൂമിയിൽ സ്ഥിര താമസക്കാരാണ്. ജനകീയ പദ്ധതികൾ നടപ്പിലാക്കി ജനശ്രദ്ധനേടിയ പഞ്ചായത്തിലാണ് ഇങ്ങനെ മോശപ്പെട്ട അവസ്ഥയിൽ രണ്ട് പൊതുസ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്.


മൃഗാശുപത്രി


നൂറുകണക്കിന് ക്ഷീര കർഷകരുൾപ്പെടെയുള്ളവരുടെ ആശ്രയമായ മൃഗാശുപത്രി കെട്ടിടത്തിന്റെ പുറം ചുവരുകൾ പൊളിഞ്ഞ് വീണു തുടങ്ങി. വളർത്തു മൃഗങ്ങളുമായി എത്തുന്നവർക്ക് മതിയായ സൗകര്യമില്ല. മൃഗങ്ങളെ പരിശോധിക്കാനുള്ളത് ഇടുങ്ങിയ മുറി മാത്രം. മതിയായ ഒബ്‌സർവേഷൻ ടേബിളും ഓപ്പറേഷൻ ടേബിളുമില്ല. കിടാവ്, ആട് തുടങ്ങി കന്നുകാലികളുമായി വരുന്നവർ ആശുപത്രിയുടെ പിന്നിൽ അസൗകര്യവും വൃത്തിഹീനവുമായിടത്ത് വേണം മൃഗങ്ങളെ കെട്ടാൻ. ആക്രമണസാദ്ധ്യതയുള്ള വളർത്ത് നായ്ക്കൾക്ക് പ്രത്യേക സുരക്ഷയൊരുക്കി പരിശോധിക്കാനും സൗകര്യമില്ല. പഴയ തൃക്കൊടിത്താനം വില്ലേജ് ഓഫീസ് കെട്ടിടമാണ് 1996ൽ മൃഗാശുപത്രിയായി മാറിയത്. സമീപത്ത് പുതിയ വില്ലേജ് ഓഫീസ് കെട്ടിടവും നിലവിൽ വന്നു. വർഷങ്ങൾ പഴക്കമുള്ള വില്ലേജ് ഓഫീസ് കെട്ടിടം മൃഗാശുപത്രിക്ക് ലഭിച്ചതിനു ശേഷം മതിയായ അറ്റകുറ്റപ്പണികളും പരിപാലനവും നടന്നില്ല. ഒരു ഡോക്ടർ ഉൾപ്പടെ 4 ജീവനക്കാർ ആശുപത്രിയിലുണ്ട്. ആശുപത്രിയുടെ അസൗകര്യവും അപകടസ്ഥിതിയും ചൂണ്ടിക്കാട്ടി പഞ്ചായത്തിലെ കർഷകരുടെ കൂട്ടായ്മ പലവട്ടം പഞ്ചായത്തിന് അപേക്ഷ നൽകിയിട്ടും നടപടിയുണ്ടായില്ല. ഏറ്റവും കൂടുതൽ ക്ഷീരകർഷകർ തിങ്ങിപാർക്കുന്ന മേഖല കൂടിയാണ് ഈ പ്രദേശം.


വില്ലേജ് ഓഫീസ്


വെള്ളക്കരം കുടിശികയായതിനെ തുടർന്ന് ജലഅതോറിട്ടി കണക്ഷൻ വിച്ഛേദിച്ചത് കാരണം വില്ലേജ് ഓഫീസിലെ ജീവനക്കാർ ദുരിതത്തിലാണ്. 19000 രൂപയോളം കുടിശിക വരുത്തിയതിനെ തുടർന്നാണ് ഒരു വർഷം മുൻപ് കണക്ഷൻ വിച്ഛേദിച്ചതെന്ന് ജീവനക്കാർ പറയുന്നു. ശുചിമുറി സൗകര്യത്തിനായി സമീപത്തെ വീടുകളെയാണ് ആശ്രയിക്കുന്നത്. ഓഫീസിൽ ഭിന്നശേഷി സൗഹൃദ ശുചിമുറി അടുത്തിടെ നിർമ്മിച്ചിട്ടുണ്ടെങ്കിലും നാളിതുവരെയായി ഇതിലും വെള്ളമെത്തിയിട്ടില്ല. ശുചിമുറി പരിസരം മുഴുവൻ കാട് കയറി. പൈപ്പ്, ടോയ്‌ലറ്റ് തുടങ്ങിയവ ഉപയോഗിക്കാതെ നശിച്ചുകൊണ്ടിരിക്കുന്നു.