പൂഞ്ഞാർ: മഴ, പിന്നാലെ കുത്തൊഴുക്ക്... റോഡിൽ കല്ലും മണ്ണും നിരക്കും. ഒന്നുമറിയാതെ പിന്നാലെയെത്തുന്ന ഇരുചക്ര വാഹന യാത്രികർ ഇതിൽകയറി തെന്നിമറിയും. പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് മുന്നിലെ റോഡ് യാത്രക്കാരെ കുരുക്കിലാക്കും, വീഴിക്കും, അതുറപ്പാണ്. മഴയെ തുടർന്നുള്ള കുത്തൊഴുക്കിൽ റോഡിൽ കല്ലും മണലും നിരക്കുന്നതാണ് പതിവാണ്. കഴിഞ്ഞദിവസം ബുള്ളറ്റ് നിയന്ത്രണംവിട്ട് മറിഞ്ഞ് പൂഞ്ഞാർ സ്വദേശിക്ക് പരിക്കേറ്റിരുന്നു. ഫെഡറൽ ബാങ്ക് ഭാഗം മുതൽ താഴേയ്ക്ക് ചെരിഞ്ഞുകിടക്കുന്ന റോഡിലൂടെ മഴവെള്ളം ഒഴുകിയെത്തുന്നത് കുടുംബാരോഗ്യ കേന്ദ്രത്തിന് മുന്നിലാണ്. ജൽജീവൻ പദ്ധതിയ്ക്കായി റോഡിന്റെ വശങ്ങൾ കുഴിച്ചുമൂടിയതും വിനയായി. മഴയിൽ വെള്ളക്കെട്ടും രൂപപ്പെടും. കുടുംബാരോഗ്യ കേന്ദ്രത്തിന് മുന്നിലെ ബസ് സ്റ്റോപ്പിൽ റോഡ് തകർന്നിട്ടുണ്ട്. ആശുപത്രിയിലേയ്‌ക്കെത്തുന്ന രോഗികൾക്കായി ബസുകൾ ഇവിടെ നിർത്തുന്നതോടെ ഗതാഗതക്കുരുക്കും പതിവായി.
അപകടമേഖല, പ്രത്യേകം ശ്രദ്ധിക്കണം
കുടുംബാരോഗ്യകേന്ദ്രത്തിന് മുൻവശം അപകടം പതിവാണ്. റോഡിൽ നിരന്ന മണ്ണ് നീക്കാൻ അധികാരികൾ അടിയന്തിര നടപടി സ്വീകരിക്കണം.
ജോസഫ് മാത്യു പ്രദേശവാസി