കോട്ടയം: കഴിഞ്ഞ ദിവസം കോട്ടയം കുമരകം ഭാഗങ്ങളിൽ പെയ്തിറങ്ങിയ അതിശക്തമായ മഴ മേഘവിസ്ഫോടനമെന്ന നിഗമനത്തിലാണ് കാലാവസ്ഥാ വിഭാഗം. കുമരകത്ത് രണ്ടു മണിക്കൂറിനിടെ 123 മില്ലീമീറ്റർ മഴയാണ് പെയ്തത്. രണ്ടു മണിക്കൂറിനിടെ 50 മുതൽ 100 മില്ലീമീറ്റർ വരെ മഴ പെയ്യുന്നതിനെയാണ് ലഫുമേഘവിസ്‌ഫോടനമായി വിശേഷിപ്പിക്കുന്നത്.

നിമിഷ നേരങ്ങൾക്കുള്ളിൽ വൻ തോതിൽ പെയ്യുന്ന മഴ വൻ ദുരന്തത്തിന് കാരണമാകും. എന്നാൽ കുമരകത്തെ ജലാശയങ്ങൾ കൂടുതൽ വെള്ളം ഉൾക്കൊള്ളാൻ ശേഷിയുള്ളത് തുണയായി.

കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ കണക്കനുസരിച്ച് കോട്ടയത്ത് 101. 60 മില്ലീമീറ്റർ മഴയാണ് പെയ്തത്. വൈകിട്ട് നാലു മുതൽ എട്ടു വരെയായി കോട്ടയം,ചങ്ങനാശേരി, വൈക്കം താലൂക്കുകളുടെ പടിഞ്ഞാറൻ മേഖലയിലാണ് അതിതീവ്ര മഴ പെയ്തത്. ഇന്നലെ ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരുന്നുവെങ്കിലും മഴ പകൽ ശക്തിപ്പെട്ടില്ല. എന്നാൽ, കിഴക്കൻ മേഖലയിൽ ഉൾപ്പെടെ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുകയും ചെയ്തു. ഇന്നും ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.


ഇന്നലെ പെയ്ത മഴ (അളവ് മില്ലീമീറ്ററിൽ)

കോട്ടയം 117.2
കോഴ 133
പാമ്പാടി 72.2
ഈരാറ്റുപേട്ട 25
തീക്കോയി 23
മുണ്ടക്കയം 33.2
കാഞ്ഞിരപ്പള്ളി 45


അതേസമയം, ഒറ്റദിവസത്തെ പെയ്ത്തിൽ മഴയുടെ അളവ് ജില്ലയിൽ ശരാശരിയിൽ നിന്ന് അധികത്തിലേക്ക് എത്തി. ബുധനാഴ്ച മഴക്കണക്കിൽ ജില്ലയിൽ 10 ശതമാനം മാത്രമായിരുന്നു വേനൽ മഴയിൽ വർധന. പ്രതീക്ഷിച്ചതിൽ 20 ശതമാനം കുറവോ, കൂടുതലോ പെയ്താൽ ശരാശരി ഗണത്തിലാണ് ഉൾപ്പെടുത്തുക. എന്നാൽ, ഇന്നലത്തെ കണക്കിൽ മഴയുടെ വർധന 35 ശതമാനത്തിലെത്തി.