sreesankara-jayanthi

വൈക്കം: ഈശ്വരനും മനുഷ്യനും ഓന്നാണെന്ന് അദ്വൈത സിദ്ധാന്തങ്ങളിലൂടെ ജനങ്ങളിലെത്തിച്ച മഹാഗുരുവാണ് ശ്രീശങ്കരാചാര്യരെന്ന് ബ്രഹ്മചാരിണി ദേവകി ചൈതന്യ പറഞ്ഞു.
ജാതീയമായ ഉച്ഛനീചത്വത്തിനെതിരെ 'മാനുഷപഞ്ചകം' എന്ന തന്റെ കൃതിയിലൂടെ പ്രചാരം നൽകിയതും ശ്രീശങ്കരാചാര്യരാണെന്ന് ചിന്മയ മിഷനിലെ മുതിർന്ന അംഗം കൂടിയായ ബ്രഹ്മചാരിണി ദേവകി ചൈതന്യ വിശദീകരിച്ചു. വൈക്കം ഗാന്ധി ഭവൻ ട്രസ്​റ്റിന്റെ നേതൃത്വത്തിൽ വൈക്കം ഗാന്ധി മന്ദിരത്തിൽ നടത്തിയ ശ്രീശങ്കരജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ട്രസ്​റ്റ് പ്രസിഡന്റ് ഡോ.ഗ്രേസമ്മ മാത്യു അദ്ധ്യക്ഷത വഹിച്ചു. മാനേജിംഗ് ട്രസ്​റ്റി കലാദർപ്പണം രവീന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തി. എം.ജി സോമനാഥ്, എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റ് പി.ജി.എം നായർ, കെ.ഗോവിന്ദൻ നായർ, വി.ശിവദാസ് എന്നിവർ പ്രസംഗിച്ചു.