മുണ്ടക്കയം: ഇരു വൃക്കകളും തകരാറിലായ വട്ടക്കാവ് സ്വദേശിനി സരിത സന്തോഷിനായി മുണ്ടക്കയം ഗ്രാമം വീണ്ടും ഒന്നിക്കുകയാണ്. പഞ്ചായത്തിലെ പതിനെട്ടാം വാർഡ് വട്ടക്കാവിൽ അർച്ചന ഭവനിൽ 39 വയസുള്ള സരിത സന്തോഷാണ് ഗുരുതരാവസ്ഥയിൽ പാലാ മാർസ്ലീവാ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്നത്. 15 ലക്ഷത്തോളം രൂപയാണ് വൃക്ക മാറ്റിവയ്ക്കുവാൻ വേണ്ടത്. മാതൃ സഹോദരി വൃക്ക ദാനം ചെയ്യാൻ സമ്മതം അറിയിച്ചിട്ടുണ്ട്. ഇനി വേണ്ടത് ശസ്ത്രക്രിയയ്ക്കും തുടർന്നുള്ള ചികിത്സയ്ക്കുമുള്ള പണമാണ്. ശനി,ഞായർ ദിവസങ്ങളിൽ പണസമാഹരണം നടത്തുമെന്ന് സരിത സന്തോഷ് സഹായനിധി ചെയർമാൻ റോയി കപ്പലുമാക്കൽ, വൈസ് ചെയർമാൻ രേഖ ദാസ്, ജനറൽ കൺവീനർ ജെയിംസ് പി ജോസ്, കൺവീനർമാരായ പി.ആർ അനുപമ, ഷീല ഡോമിനിക്ക് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
25 ന് വ്യാപാര സ്ഥാപനങ്ങളിലും ടൗൺ കേന്ദ്രീകരിച്ചും, 26ന് പഞ്ചായത്തിലെ 21 വാർഡുകളിലെ മുഴുവൻ വീടുകളിലും ജനപ്രതിനികളുടെയും, പൊതുപ്രവർത്തകരുടെയും വിവിധ മതസമുദായ നേതാക്കളുടെയും നേതൃത്വത്തിലും ഫണ്ട് സമാഹരണം നടത്തും. വിദേശ രാജ്യങ്ങളിൽ ഉള്ളവർക്ക് സഹായം കൈമാറാനായി ഗൂഗിൾ പേ സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൂലിപ്പണിക്കാരനായ സന്തോഷിന് സരിതയുടെ ചികിത്സയ്ക്കായി ഭീമമായ തുക കണ്ടെത്താനാവില്ല. രണ്ട് പെൺകുട്ടികൾ അടങ്ങുന്നതാണ് ഇവരുടെ കുടുംബം. സരിത സന്തോഷിന്റെയും കുടുംബത്തെയും സഹായിക്കാനായി നാട് ഒരുമിക്കുമ്പോൾ എല്ലാ സുമനസുകളും പങ്കാളികളാകണമെന്നും സഹായനിധി സമാഹരണ കമ്മറ്റി ഭാരവാഹികൾ അറിയിച്ചു. മുണ്ടക്കയം യൂണിയൻ ബാങ്കിൽ അക്കൗണ്ടും തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 337102010014068, ഐ.എഫ്. എസ്.സി കോഡ്: യു.ബി.ഐ എൻ. 0533718, ഗൂഗിൾ പേ നമ്പർ 7510613693 എന്നീ നമ്പറുകളിലും പണം നൽകാവുന്നതാണ്.