vandipetta-shopping-com

ചങ്ങനാശേരി : വണ്ടിപ്പേട്ടയിൽ നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഷോപിംഗ് കോംപ്ലക്‌സ് ഇടിഞ്ഞു വീഴാറായ നിലയിൽ. ഏതാനും ആഴ്ചകൾക്ക് മുൻപ് കോൺക്രീറ്റ് സീലിംഗ് അടർന്നുവീണ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയുടെ കൈക്ക് പരിക്കു പറ്റിയിരുന്നു. കെട്ടിടത്തിന്റെ പുറം ചുവരുകളുടെയും തൂണുകളുടെയും കോൺക്രീറ്റ് പൊളിഞ്ഞ് കമ്പി പുറത്ത് തെളിഞ്ഞ് കാണാവുന്ന അവസ്ഥയിലാണ്. ഇരുനിലകളിലായി പണികഴിച്ചിരിക്കുന്ന കെട്ടിടത്തിന് 32 വർഷത്തെ പഴക്കമുണ്ട്. ഒന്നാം നിലയിൽ അക്ഷയ സെന്റർ ഉൾപ്പെടെയുള്ളവ പ്രവർത്തിക്കുന്നു. അരി, സബോള, ഉള്ളി, ഉപ്പ്, മുളക് തുടങ്ങിയവ വിൽക്കുന്ന മൊത്ത വ്യാപാരികളാണ് താഴത്തെ നിലയിൽ. കടമുറികൾക്ക് ഉള്ളിലെ അടർന്നു വീണ ഭിത്തികൾ വ്യാപാരികൾ സ്വന്തം നിലയ്ക്ക് പുനർനിർമ്മിച്ചിട്ടുണ്ട്. മൂകളിലത്തെ നിലയിലേക്ക് കയറുന്ന നടകൾ ഇടിഞ്ഞ് തുടങ്ങിയിരിക്കുന്നു. ഇവിടെ മദ്യക്കുപ്പികൾ കുന്നുകൂടി കിടക്കുന്നതും കാണം. കെട്ടിടത്തിൽ ശുചിമുറി സൗകര്യമില്ല. കെട്ടിടത്തോട് ചേർന്ന് കൊവിഡ് കാലത്ത് പണികഴിച്ച പൊതു ശുചിമുറി താഴിട്ട് പൂട്ടിയിരിക്കുകയാണ്. ടെൻഡർ നടപടികൾ പൂർത്തിയാക്കാത്തതിനാലാണ് ഇത് തുറന്നു നൽകാൻ സാധിക്കാത്തത് എന്നാണ് നഗരസഭയുടെ വിശദീകരണം. അപകടകരമായ നിലയിൽ സ്ഥിതിചെയ്യുന്ന കെട്ടിടം പൊളിച്ചു നീക്കും എന്ന് തിരഞ്ഞെടുപ്പ് കാലത്ത് വാഗ്ദാനങ്ങൾ നൽകിയെങ്കിലും നടപ്പിലായിട്ടില്ലെന്ന് വ്യാപാരികൾ പറയുന്നു.


ചെയർമാൻ പി.പി. ജോസിന്റെ സ്വപ്‌നപദ്ധതി


1993 ൽ ഉദ്ഘാടനം ചെയ്ത വണ്ടിപ്പേട്ട ഷോപ്പിംഗ് കോംപ്ലക്‌സ് അന്ന് ചെയർമാനായിരുന്ന പി.പി. ജോസ് പുല്ലുകാട്ടീന്റെ സ്വപ്‌നപദ്ധതിയായിരുന്നു. ചങ്ങനാശേരി മാർക്കറ്റിലെ പ്രമുഖ വ്യാപാര മേഖലയായി മാറിയ വണ്ടിപ്പേട്ടയിലെ തലയെടുപ്പുള്ള കെട്ടിടം എന്ന വിശേഷണവും ഈ ഷോപ്പിംഗ് കോംപ്ലക്‌സിന് ലഭിച്ചു. നിർമ്മാണത്തിന് ശേഷം പെയിന്റ് അടിച്ചതല്ലാതെ കെട്ടിടത്തിന് കാര്യമായ അറ്റകുറ്റപ്പണികളൊന്നും നടത്തിയിട്ടില്ല. ഇച്ഛാ ശക്തിയില്ലാത്ത ജനപ്രതിനിധികളാണ് ഈ കെട്ടിടത്തിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം. തിരഞ്ഞെടുപ്പ് കാലത്ത് നടത്തിയ വാഗ്ദാനങ്ങൾ പാലിക്കുവാൻ വാർഡിലെ ജനപ്രതിനിധി തയാറാവണം.
സജ്ജാദ് എം.എ (യൂത്ത് കോൺഗ്രസ്)