ഏഴാച്ചേരി: റവന്യൂ, പി.ഡബ്ല്യു.ഡി, കെ.എസ്.ഇ.ബി... ആരും ആയിക്കൊള്ളട്ടെ ഈ കുട്ടകളി നിർത്തണം... ജനങ്ങളുടെ ജീവൻ കയ്യിൽ പിടിച്ചുള്ള നിങ്ങളുടെ ഈ കളികളുണ്ടല്ലോ ഇതിന് സമാധാനം പറയേണ്ടിവരും. മുന്നറിയിപ്പ് തന്നില്ലായെന്ന് വേണ്ട. പറഞ്ഞുവരുന്നത് പാലാ രാമപുരം മെയിൻ റോഡിൽ ഏഴാച്ചേരി ജി.വി. യു.പി. സ്‌കൂളിന് സമീപം റോഡരികിൽ ഉണങ്ങിനിൽക്കുന്ന കൂറ്റൻ ആഞ്ഞിലിമരം വെട്ടിമാറ്റാത്തതിനെക്കുറിച്ചാണ്.
ഉണങ്ങിനിൽക്കുന്ന ഈ മരം സൃഷ്ടിക്കുന്ന അപകടഭീഷണിയെക്കുറിച്ച് ''കേരള കൗമുദി'' റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് പാലാ ആർ.ഡി.ഒ. വിഷയത്തിൽ ഇടപെടുകയും പൊതുമരാമത്ത് വകുപ്പിന്റെ പുറമ്പോക്കിൽ നിൽക്കുന്ന ആഞ്ഞിലിമരം എത്രയും വേഗം വെട്ടിനീക്കാൻ പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് പാലാ എക്‌സിക്യൂട്ടീവ് എൻജിനീയർക്ക് നിർദേശം നൽകുകയും ചെയ്തതാണ്. ഇതിന് സമീപത്തുകൂടി കടന്നുപോകുന്ന വൈദ്യുതി ലൈൻ അഴിച്ചുമാറ്റുന്നത് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ രാമപുരം കെ.എസ്.ഇ.ബിയുമായി ബന്ധപ്പെട്ടു. ലൈൻ അഴിച്ചുമാറ്റുന്നതിന് അവർ 32,000 രൂപ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ചും കേരള കൗമുദി റിപ്പോർട്ട് ചെയ്തതോടെ വൈദ്യുതി വകുപ്പ് നിരക്ക് നേർപകുതിയായി കുറച്ചു. 16,000 രൂപ അടച്ചാൽ ലൈൻ അഴിച്ചുമാറ്റിക്കൊടുക്കാമെന്നായി രാമപുരത്തെ കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥർ. ഇക്കാര്യം പൊതുമരാമത്ത് വകുപ്പ് അധികാരികൾ വീണ്ടും പാലാ ആർ.ഡി.ഒ.യുടെ ശ്രദ്ധയിൽപ്പെടുത്തി.
ദുരന്ത നിവാരണ മുന്നൊരുക്ക പരിപാടിയുടെ ഭാഗമായി തുക ഈടാക്കാതെ തന്നെ എത്രയുംവേഗം മരം വെട്ടുന്നതിന് ലൈൻ അഴിച്ചുമാറ്റാൻ ആർ.ഡി.ഒ. കെ.എസ്.ഇ.ബിക്ക് നിർദേശം നൽകിയെന്നാണ് സൂചന. ഫലത്തിൽ ഒരു മാസമാകാറായിട്ടും കാര്യത്തിന് ഒരു തീരുമാനവുമില്ല. കാറ്റടിക്കുമ്പോൾ ജി.വി. യു.പി. സ്‌കൂളിന് പരിസരത്തുള്ളവർ നെഞ്ചത്ത് കൈവയ്ക്കും. മരം മെയിൻ റോഡിലേക്ക് മറിഞ്ഞ് വീഴല്ലേയെന്ന് പ്രാർത്ഥിക്കും... അല്ലാതെന്തു ചെയ്യാൻ?
അധികാരികൾ ശ്രദ്ധിക്കുക
കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്നലെ ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രതാ നിർദ്ദേശം കേരളത്തിന് കൊടുത്തിട്ടുണ്ട്. അതിൽ പറയുന്ന ഒരു പ്രധാനപ്പെട്ട കാര്യം നിങ്ങൾ അറിയേണ്ടതുണ്ട്; അപകടാവസ്ഥയിലുള്ള മരങ്ങൾ പൊതു ഇടങ്ങളിൽ ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട അധികാരികളെ എത്രയുംവേഗം അറിയിക്കുക എന്നുള്ളതാണ് പ്രധാന നിർദേശം. നാലാഴ്ച മുമ്പ് ഏഴാച്ചേരിയിലെ അപകടാവസ്ഥയിലുള്ള മരത്തെപ്പറ്റി അധികാരികളെ അറിയിച്ചിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലായെന്നുള്ളത് നിങ്ങളോർക്കണം. ദുരന്തമുണ്ടായാൽ ബന്ധപ്പെട്ട അധികാരികൾ ഉത്തരവാദികളായിരിക്കുമെന്ന് വ്യക്തം.