കുമരകം : കുമരകം, തിരുവാർപ്പ് പഞ്ചായത്തുകളിലെ ശുദ്ധജല വിതരണത്തിനായി ചെങ്ങളത്തു നിന്നുമുള്ള പ്രധാന പമ്പിംഗ് ലൈൻ പൊട്ടി വെള്ളം പാഴാകുന്നു. ചെങ്ങളം അയ്യമ്മാന്ത്ര, വായനശാല, കുമരകം ഗവ.ആശുപത്രിയ്ക്ക് സമീപം എന്നിവിടങ്ങളിലാണ് പ്രധാനമായും പൈപ്പ് ലൈനിൽ പൊട്ടലുള്ളത്. പൈപ്പ് പൊട്ടിയതോടെ ലക്ഷക്കണക്കിന് ലിറ്റർ വെള്ളം പാഴായി പോകുന്നു. ഒരു വർഷത്തിലേറെക്കാലമായി ഈ ദുരവസ്ഥ തുടങ്ങിയിട്ട്. മാദ്ധ്യമ വാർത്തകളായും നേരിട്ടുള്ള പരാതികളായും വിഷയം അധികാരികളുടെ ശ്രദ്ധയിൽപ്പെട്ടിട്ടും ഈ ഭാഗത്തേക്ക് ആരും തിരിഞ്ഞു നോക്കാൻ കൂട്ടാക്കുന്നില്ല. കടുത്ത വേനൽക്കാലത്ത് കുടിവെള്ളത്തിനായി ആളുകൾ നെട്ടോട്ടമോടിയപ്പോഴും ഇവിടങ്ങളിലൂടെ ശുദ്ധജലം പാഴായിക്കൊണ്ടേയിരുന്നു. ശുദ്ധജലം റോഡിലൂടെ നിരന്ന് ഒഴുകുന്നത് കാരണം ആളുകൾക്ക് നടന്നു പോകാനാവാത്ത അവസ്ഥയാണ്. പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കണമെന്ന് പറഞ്ഞുപറഞ്ഞ് നാട്ടുകാരും ഇപ്പോൾ മടുത്ത മട്ടാണ്.