കോട്ടയം: ആരാകും കോട്ടയത്തിന്റെ എം.പി? ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലത്തിലേക്ക് ഇനി പത്ത് ദിവസങ്ങളുടെ ദൂരം മാത്രമാണുള്ളത്.
ഏപ്രിൽ 26ന് വോട്ടെടുപ്പിന് ശേഷം കൂട്ടലും കുറയ്ക്കലും നടത്തി വിജയപ്രതീക്ഷ പങ്കുവെച്ച സ്ഥാനാർത്ഥികളും മുന്നണികളും വോട്ടെണ്ണൽ ദിനം അടുത്തതോടെ വീണ്ടും സജീവമായി. വോട്ടെണ്ണൽ കേന്ദ്രത്തിലെ ഉദ്യോഗസ്ഥർക്ക് സർക്കാർ പരിശീലനം തുടങ്ങി. വോട്ടെണ്ണുന്നതിന് കണ്ണിലെണ്ണയൊഴിച്ചതു പോലെ കാത്തിരിക്കേണ്ട ഏജന്റുമാരുടെ ലിസ്റ്റും മുന്നണികൾ തിരഞ്ഞെടുപ്പ് കമ്മീഷന് നൽകി.വിജയം ഉറപ്പെന്ന് വിശ്വസിച്ച് വിജയം ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ് മുന്നണി പ്രവർത്തകർ. ഫ്രാൻസിസ് ജോർജിന് വൻഭുരിപക്ഷം ലഭിക്കുമെന്ന വിശ്വാസത്തിൽ വോട്ടെണ്ണൽ ദിവസം ഭക്ഷണമൊരുക്കുന്നതിന് മൂന്ന് പോത്തുകളെയാണ് വാങ്ങിനിർത്തിയിരിക്കുന്നത്.
ഇടതു സ്ഥാനാർത്ഥി തോമസ് ചാഴികാടൻ തിരഞ്ഞെടുപ്പിന് ശേഷം വിശ്രമത്തിലായിരുന്നു. ഭാര്യ ആനിക്കൊപ്പം ഡൽഹി യാത്രയും നടത്തി. ഇപ്പോൾ പാർട്ടി മീറ്റിംഗുകളിൽ ഉൾപ്പെടെ സജീവമാണ്. പ്രഭാത നടത്തവും പള്ളിയിലെ പ്രാർത്ഥനയും മുടക്കാറില്ല. എം.പിയെന്ന നിലയിൽ ചെയ്ത വികസന പ്രവർത്തനങ്ങൾ ഗുണം ചെയ്യുമെന്നും വിജയം ഉറപ്പെന്ന വിശ്വാസത്തിലുമാണ് ചാഴികാടൻ.
യു.ഡി.എഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജ് ഇടുക്കി,കോട്ടയം ജില്ലകളിലായി വിവാഹം, മരണം, ആദ്യ കുർബാന തുടങ്ങിയ ചടങ്ങുകളിൽ സജീവമാണ്. യു.ഡി.എഫ് അവലോകന യോഗങ്ങൾ പലതും കഴിഞ്ഞു. സർവേകളും മുൻതൂക്കം നൽകിയതിനാൽ നല്ല ഭൂരിപക്ഷത്തിൽ ജയിക്കുമെന്നാണ് പ്രതീക്ഷ.
എൻ.ഡി.എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ബി.ജെ.പി സ്ഥാനാർത്ഥികൾക്ക് വേണ്ടിയുള്ള പ്രചാരണ തിരക്കിലാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്ന വാരണാസിയിലും ഡൽഹി, മഹാരാഷ്ട്റ പ്രദേശങ്ങളിലും പ്രചാരണം നടത്തി. കോട്ടയത്ത് തുഷാർ അട്ടിമറി ജയം നേടുമെന്ന ആത്മവിശ്വാസമാണ് എൻ.ഡി.എ നേതാക്കൾക്ക്.