എരുമേലി: മുക്കൂട്ടുതറ ടൗണിലെ പഞ്ചായത്തുവക ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടം രാത്രിസമയങ്ങളിൽ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളുടെ കേന്ദ്രം. മയക്കുമരുന്നിന്റെ ഉപയോഗം മാത്രമല്ല വില്പനയും അക്രമവും കൊലപാതകവും ഇവിടെ നടക്കുന്നു. ഗുണ്ടകളും സാമൂഹ്യ വിരുദ്ധരും അഴിഞ്ഞാടുന്ന മേഖലയായി ഇവിടം. വൈകുന്നേരത്തോടെ സ്ഥാപനങ്ങൾ അടച്ചു ഉടമകൾ പോയിക്കഴിഞ്ഞാൽ പിന്നെ ഇവർ ഈ സ്ഥലം ഏറ്റെടുക്കുകയാണ്. പൊലീസ് ഈ വഴി വരാറില്ല.
കഴിഞ്ഞ ദിവസം ഇവിടെ ലോട്ടറി വില്പനക്കാരനും വയോധികനുമായ ശ്രീനിപുരം വിളയിൽ ഗോപി (74) യെ കടത്തിണ്ണയിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇതു കൊലപാതകമാണെന്നു തെളിവുകൾ ലഭിച്ചതോടെ പ്രതി ചാത്തൻതറ സ്വദേശി താഴത്തുവീട്ടിൽ മനോജ് (48) അറസ്റ്റിലുമായി.
രാത്രിയിൽ വെളിച്ചം ഇല്ലാത്തതും ബലക്ഷയവും പഴക്കവും മൂലം കടമുറികൾ പലതും പ്രവർത്തിക്കാത്തതും സാമൂഹ്യവിരുദ്ധർക്കു സൗകര്യമായിരിക്കുകയാണ്. രാത്രിയിൽ അസന്മാർഗിക പ്രവൃത്തികൾ ഇവിടെ നടക്കുന്നുണ്ടെന്ന് അറിഞ്ഞതോടെ വ്യാപാരികൾ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ഇവിടെ പൊലീസ് പരിശോധനയ്ക്ക് എത്തുമ്പോൾ സാമൂഹ്യവിരുദ്ധർ ഓടി രക്ഷപ്പെടും. കെട്ടിടത്തിനുള്ളിൽ ഒളിച്ചിരിക്കാനും സൗകര്യമുണ്ട്.
കെട്ടിടത്തിന്റെ പ്രവേശന ഭാഗങ്ങൾക്കു ഗേറ്റും പൂട്ടും വച്ചാൽ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയാനാകുമെന്നും ഇതിന് പഞ്ചായത്ത് അധികൃതർ നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. അലഞ്ഞുതിരിഞ്ഞു നടക്കുന്നവർ രാത്രിയിൽ ഇവിടെ കടത്തിണ്ണകളിലാണ് അന്തിയുറങ്ങുന്നത്. മദ്യപാനവും ഇതോടൊപ്പമുണ്ട്. പതിവായി അന്തിയുറങ്ങിയിരുന്ന രണ്ടുപേർ മുമ്പ് ഇവിടെ കിടന്ന് മരിക്കുകയും ചെയ്തിരുന്നു.