പാലാ: പാലാ മഹാത്മാഗാന്ധി മെമ്മോറിയൽ ഗവ. എച്ച്.എസ്.എസിലെ ഹയർസെക്കൻഡറി വിഭാഗത്തിലും ഹൈസ്‌കൂൾ വിഭാഗത്തിലും കഴിഞ്ഞ വർഷം സ്‌കൂൾ വാർഷികാഘോഷം നടത്തിയില്ല, പുലിവാല് പിടിച്ച് സ്കൂൾ അധികൃതർ.
ആണ്ടിലൊരിക്കൽ സ്‌കൂൾ വാർഷികം നടത്തണമെന്ന നിബന്ധന സ്‌കൂൾ മാനുവലിൽ ഉള്ളപ്പോഴാണ് ഫണ്ടില്ലെന്നും സമയം കിട്ടിയില്ലെന്നുമൊക്കെയുള്ള തൊടുന്യായങ്ങൾ നിരത്തി സ്‌കൂൾ വാർഷികം നടത്താതിരുന്നത്.
എല്ലാവർഷവും ഇത്തരം ആഘോഷപരിപാടികൾ നടത്തുകയും എൻഡോവ്‌മെന്റുകളും മറ്റും വിതരണം ചെയ്യാറുള്ളതുമാണ്. ഇതുസംബന്ധിച്ച് ഇപ്പോൾ പരാതി ഉയർന്നിരിക്കുകയാണ്.
സ്‌കൂൾ മുൻ പി.ടി.എ. വൈസ് പ്രസിഡന്റ് മരങ്ങാട്ടുപിള്ളി ആണ്ടൂർ ഏറത്തുരുത്തിയില്ലം ശ്രീജാ ഗോപകുമാർ ഇത് സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി, പൊതുവിദ്യാഭ്യാസ ഡയറക്ടർ, കോട്ടയം ജില്ലാ കളക്ടർ, കോട്ടയം വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ എന്നിവർക്ക് രേഖാമൂലം പരാതി കൊടുത്തു.
പാലായിലും സമീപപ്രദേശങ്ങളിലുമുള്ള മറ്റ് ഹൈസ്‌കൂളുകളെല്ലാം ഗംഭീരമായി സ്‌കൂൾ വാർഷികം ആഘോഷിച്ചപ്പോൾ ഇതിനൊന്നും അവസരം ലഭിക്കാതെയായി ഇവിടുത്തെ വിദ്യാർത്ഥികൾക്ക്. ഇവിടെ പഠിക്കുന്നവരിൽ ഭൂരിപക്ഷവും പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികളാണ്.
സ്‌കൂൾ അധികാരികളുടെ അലംഭാവവും പിടിപ്പുകേടും
സ്‌കൂൾ അധികാരികളുടെ അലംഭാവവും പിടിപ്പുകേടും മൂലം ഒരുവർഷത്തെ ആനിവേഴ്‌സറിയാണ് ഈ വിദ്യാർത്ഥികൾക്ക് നഷ്ടപ്പെട്ടത്. പൊതുവിദ്യാഭ്യാസ മേഖലയെ ഉയർത്തണമെന്ന് സർക്കാർ തലത്തിൽ നിർദ്ദേശമുള്ളപ്പോഴും കഴിഞ്ഞ വർഷത്തെ വിദ്യാർത്ഥികളോട് സ്‌കൂൾ അധികാരികൾ കാണിച്ച വിവേചനപരമായ നിലപാടിനോട് യോജിക്കാൻ കഴിയില്ല. അതുകൊണ്ടാണ് ഇത് സംബന്ധിച്ച് പരാതിപ്പെട്ടത്.
ശ്രീജാ ഗോപകുമാർ, മുൻ പി.ടി.എ. വൈസ് പ്രസിഡന്റ്, പാലാ ഗവ. ഹൈസ്‌കൂൾ
പി.ടി.എ. ആണ് തീരുമാനിച്ചത്
കഴിഞ്ഞ വർഷം സ്‌കൂൾ വാർഷികം വേണ്ടെന്ന് വച്ചത് പി.ടി.എ. ആണെന്ന് ഹെഡ്മാസ്റ്റർ ജാഫറുദ്ദീൻ അബൂബക്കർ പറഞ്ഞു. വാർഷികം നടത്തണമെങ്കിൽ 30,000 മുതൽ 50,000 രൂപ വരെ വേണ്ടിവരും. ഇതുകൊണ്ടാണ് വാർഷികം വേണ്ടായെന്ന് പി.ടി.എ. തീരുമാനിക്കാൻ കാരണമെന്നും ഹെഡ്മാസ്റ്റർ പറയുന്നു.
ആനിവേഴ്‌സറിക്ക് സമയം കിട്ടിയില്ലെന്നാണ് അദ്ധ്യാപകർ പറഞ്ഞത്
കഴിഞ്ഞവർഷം പരീക്ഷയുംമറ്റും പെട്ടെന്ന് വന്നതിനാൽ വാർഷികം നടത്താൻ സമയം കിട്ടിയില്ലെന്നാണ് സ്‌കൂൾ ഹെഡ്മാസ്റ്ററും മറ്റും പറഞ്ഞതെന്ന് പി.ടി.എ. പ്രസിഡന്റ് സുബാഷ് പറയുന്നു.
പരാതി കിട്ടിയാൽ അന്വേഷിക്കും, ഉചിതമായ നടപടി സ്വീകരിക്കും
പാലാ നഗരസഭയുടെ കീഴിലാണ് മഹാത്മാഗാന്ധി മെമ്മോറിയൽ ഹയർസെക്കൻഡറി സ്‌കൂൾ. അവിടെ കഴിഞ്ഞവർഷം വാർഷികം നടത്തിയില്ലെന്ന് ഇപ്പോഴാണ് അറിയുന്നത്. പരാതി ലഭിച്ചാൽ തുടർനടപടികൾ സ്വീകരിക്കും. ഈ വർഷം പ്രവേശനോത്സവത്തിനെങ്കിലും മികച്ച വിദ്യാർത്ഥികളെ ആദരിക്കാൻ നടപടി സ്വീകരിക്കും. അടുത്ത കാലത്താണ് താൻ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനായി ചുമതല ഏറ്റെടുത്തത് എന്നതിനാൽ കൂടുതൽ കാര്യങ്ങൾ അറിവില്ല.
ബൈജു കൊല്ലംപറമ്പിൽ, പാലാ നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ