മുണ്ടക്കയം: യാത്രാ പ്രതിസന്ധി പരിഹരിക്കാൻ മുക്കുളത്ത് കൊക്കയാർ പഞ്ചായത്തിന്റെയും നാട്ടുകാരുടെയും സഹകരണത്തോടെ നിർമ്മിക്കുന്ന താത്കാലിക പാലത്തിന്റെ ജോലികൾ നിർത്തിവച്ചു. സ്വകാര്യവ്യക്തി ജനപ്രതിനിധികൾക്കും പാലം നിർമാണത്തിന് നേതൃത്വം നൽകുന്നവർക്കുമെതിരേ പൊലീസിൽ പരാതി നൽകിയതിൽ പ്രതിഷേധിച്ചായിരുന്നു നടപടി. സ്‌കൂൾ തുറക്കും മുമ്പ് താത്ക്കാലിക പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. എന്നാൽ ഇത് തടസപ്പെടുത്താൻ ചിലർ ശ്രമിക്കുന്നതായി നാട്ടുകാർ പറയുന്നു. സംഭവത്തെ തുടർന്ന് പെരുവന്താനം പൊലീസ് സ്ഥലത്തെത്തി കൊക്കയാർ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവരുമായി നടത്തിയ ചർച്ചയിൽ നിർമ്മാണം പുനരാരംഭിക്കാൻ തീരുമാനമായി.
വ്യാപക പ്രതിഷേധം
പാലം നിർമ്മാണത്തിന് തടസം നിൽക്കുന്ന വ്യക്തിക്കെതിരെ നാട്ടുകാർ ഒന്നാകെ സംഘടിക്കുകയാണ്. പൊതുജനങ്ങളിൽ നിന്ന് ഒപ്പുശേഖരണം നടത്തി ഇയാൾക്കെതിരെ പെരുവന്താനം പൊലീസിൽ പരാതി നൽകി.