കോട്ടയം: മണർകാട് പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തിന് പിന്നാലെ പായിപ്പാടും പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ഇറച്ചിക്കോഴി, മുട്ടവ്യാപാരങ്ങൾക്ക് ഇരുട്ടടിയായി. പക്ഷിപ്പനി സ്ഥീരീകരിച്ച സ്ഥലത്തിന് പത്ത് കിലോമീറ്റർ ചുറ്റളവിൽ നിയന്ത്രണമുള്ളതിനാൽ ഹോട്ടലുകൾക്കും ബേക്കറികൾക്കും ആവശ്യത്തിന് സാധനങ്ങളും കിട്ടാനില്ല.
അവധിക്കാലമായതിനാൽ ഹോട്ടൽ ഭക്ഷണം കഴിക്കാൻ കുടുംബത്തോടെ ആളുകൾ എത്തുന്നതിനിടെയാണ് പക്ഷിപ്പനി ബാധ വില്ലനായത്. പത്ത് കിലോമീറ്റർ ചുറ്റളവിൽ കച്ചവടം നിറുത്തി. ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മുഴുവൻ കോഴികളേയും കൊല്ലുകയും ചെയ്തു. പത്ത് ദിവസം കോഴികളെയും താറാവിനെയും വിൽക്കാൻ കഴിയാതെ തീറ്റ കൊടുക്കുന്നത് കർഷകരേയും ഇറച്ചിക്കട വ്യാപാരികളെയും പ്രതിസന്ധിയിലാക്കി. മണർകാട് മുതൽ ഏറ്റുമാനൂർ വരെയും പായിപ്പാടിന് പരിസരപ്രദേശങ്ങളിലുമാണ് നിയന്ത്രണം.
സീസണിലെ ഇരുട്ടടി
ഇറച്ചിയുടെ കുറവ് ഹോട്ടൽ, ബേക്കറി വ്യവസായത്തെയും ബാധിച്ചു. ഹോട്ടലുകളിൽ ഇപ്പോൾ ദൂരെ സ്ഥലങ്ങളിൽ നിന്നാണ് കോഴിയിറച്ചി എത്തിക്കുന്നത്. എന്നാൽ ആവശ്യത്തിന് എത്തിക്കാനാകുന്നില്ല. ഗ്രിൽഡ് ചിക്കൻ വിഭവങ്ങൾ വിൽക്കുന്ന അറേബ്യൻ ഹോട്ടലുകൾക്കാണ് ഏറെ പ്രതിസന്ധി. ദിവസവും 300 കിലോ കോഴിയിറച്ചി വേണ്ടിയിരുന്ന നഗരത്തിലെ ഹോട്ടലിൽ ഇപ്പോൾ പകുതിമാത്രമേ കിട്ടാനുള്ളൂ. പക്ഷിപ്പനി ഭീതിയിൽ ചിക്കൻ വിഭവങ്ങൾ ഒഴിവാക്കിയവരുമുണ്ട്. സീസണിലെ കച്ചവടം തിരിച്ചു പിടിക്കാൻ കഴിയുമോയെന്നതിൽ ആശങ്കയുമുണ്ട്. കല്യാണ സീസണായതിനാൽ കാറ്ററിംഗ് മേഖലയ്ക്കും തിരിച്ചടിയായി.
'' പക്ഷിപ്പനി ഹോട്ടൽ വ്യവസായത്തിനും തിരിച്ചടിയായി. ആവശ്യത്തിന് കിട്ടാത്തതും കോഴിയിറച്ചി വേണ്ടെന്ന് വയ്ക്കുന്നതും ഒരുപോലെ വലയ്ക്കുന്നു''
ഫിലിപ്പ് കുട്ടി, ജില്ലാ പ്രസിഡന്റ്, ഹോട്ടൽ ആൻഡ് റെസ്റ്റൊറന്റ് അസോ.