കോട്ടയം: രാസലഹരി ഉപയോഗിച്ചതിനും വിൽക്കാൻ ശ്രമിച്ചതിനും നാലു വർഷത്തിനിടെ ജില്ലയിൽ പിടിയിലായതെല്ലാം യുവാക്കൾ! ഇവരിലേറെയും 30 വയസിൽ താഴെയുള്ളവരാണ്.
വലിയ അളവ് കഞ്ചാവ് വാഹനങ്ങളിൽ കടത്തുന്നതിനും സൂക്ഷിക്കുന്നതിനുമുള്ള ബുദ്ധിമുട്ടാണ് വൻലാഭമുള്ള എം.ഡി.എം.എ പോലുള്ള രാസലഹരി കച്ചവടത്തിലേയ്ക്ക് യുവാക്കളെ എത്തിക്കുന്നത്. കഞ്ചാവ് 20 കിലോയാണ് കൊമേഷ്യൽ ക്വാണ്ടിറ്റി. രാസ ലഹരിയിൽ 10 ഗ്രാമും. 20 വർഷം തടവിനുള്ള കുറ്റം. ബംഗളൂരു, മുംബയ് എന്നിവിടങ്ങളിൽ നിന്ന് ലഹരിയുമായി വരുംവഴിയാണ് ഏറെപ്പേരും അറസ്റ്റിലായത്.
കൂടെയുണ്ട് വിമുക്തി
എക്‌സൈസിന്റെ വിമുക്തി മിഷനിൽ ചികിത്സ തേടുന്നവർ മുൻപ് മദ്യപാനികളായിരുന്നെങ്കിൽ ഇപ്പോഴത് രാസലഹരിക്ക് അടിമകളായ കൗമാരക്കാരും യുവാക്കളുമാണ്. 2019 ആഗസ്റ്റിലാണ് വിമുക്തിയുടെ ഡീ അഡിക്ഷൻ സെന്റർ പാലായിൽ ആരംഭിച്ചത്. ഇവിടെ ചികിത്സ തേടിയവരിൽ 25 വയസിന് താഴെയുള്ളവരാണ് 85 ശതമാനംപേരും. സമൂഹ മാദ്ധ്യമങ്ങളിലെ അതിരില്ലാത്ത സൗഹൃദം ലഹരി വഴിയിലെത്തിച്ചതെന്നാണ് പെൺകുട്ടികളിലേറെയും പറയുന്നത്. ലഹരി വിമോചനകേന്ദ്രത്തിൽ എത്തിയവരുടെ എണ്ണത്തിൽ സംസ്ഥാനത്ത് അഞ്ചാം സ്ഥാനമാണ് ജില്ലയ്ക്ക്.
പോക്സോ പ്രതികളും
ജില്ലയിൽ അറസ്റ്റിലായ പോക്സോ കേസ് പ്രതികളിൽ 90% പേർ കഞ്ചാവോ എം.ഡി.എം.എയോ പതിവായി ഉപയോഗിക്കുന്നവരാണ്. കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്ത 251 പോക്സോ കേസുകളിൽ 235 പേരും 30 വയസിന് താഴെയുള്ളവരാണ്.
ഡീ അഡിക്ഷൻ സെന്ററിൽ എത്തിയത് : 8511 പേർ
കിടത്തിചികിത്സയ്ക്ക് വിധേയരായത്: 658 പേർ
5മാസം രജിസ്റ്റർ ചെയ്തത് 116 ലഹരിക്കേസ്
ലഹരി വഴികൾ
സോഷ്യൽ മീഡിയയിലൂടെ സൗഹൃദങ്ങൾ
പണം കണ്ടെത്താൻ ലഹരിക്കച്ചവടം
സിനിമകളും സ്വാധീനിക്കുന്നു
''കിടത്തിചികിത്സ നടത്തിയവരിൽ ഏറെയും ലഹരി പൂർണമായും ഉപേക്ഷിച്ചിട്ടുണ്ട്. നിരന്തരമുള്ള ഫോളോ അപ്പുകളും ക്ളാസുകളും പ്രയോജനം ചെയ്യുന്നുണ്ട്. '' വിമുക്തി അധികൃതർ