വാഴൂർ: ഇന്റർസ്റ്റേറ്റ് സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസിന് യാത്രതടസം സൃഷ്ടിച്ച ഓട്ടോഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ പകൽ മൂന്നരയോടെ കെ.കെ റോഡിൽ വാഴൂർ ചെങ്കലിലായിരുന്നു സംഭവം. വിഴിക്കിത്തോട് സ്വദേശി വിജീഷിനെയാണ് കസ്റ്റഡിയിലെടുത്തത്. കമ്പത്ത് നിന്ന് കോട്ടയത്തേക്ക് പോയ ബസിന് മുമ്പിൽ ഇൻഡിക്കേറ്റർ ഇട്ട് ഏറേ നേരം റോഡിന് നടുവിലൂടെ ഓട്ടോറിക്ഷ ഓടിക്കുകയായിരുന്നു. ഹോണടിച്ചിട്ടും കടന്നുപോകാൻ അവസരം കൊടുക്കാതെ ബസിന് മുമ്പിൽ ഓട്ടോറിക്ഷ യാത്ര തുടർന്നു. മിഡാസ് റബർഫാക്ടറിയുടെ മുമ്പിലെത്തിയപ്പോൾ ഓട്ടോറിക്ഷ റോഡിന് നടുവിൽ ബസിന് മുമ്പിലായി വിലങ്ങിയിട്ട് ചീത്തവിളിയുമായി ഓട്ടോഡ്രൈവർ വാഹനത്തിൽ നിന്നുമിറങ്ങി. ബസ് കടത്തിവിടാൻ യാത്രക്കാരും ജീവനക്കാരും ആവശ്യപ്പെട്ടിട്ടും കൂട്ടാക്കാതിരുന്നതിനെ തുടർന്നാണ് പൊലീസിനെ അറിയിച്ചത്. അരമണിക്കൂറിലേറെ വൈകിയാണ് ബസ് യാത്ര തുടർന്നത്.