മുണ്ടക്കയം : എരുമേലി ചെറുവള്ളി എസ്റ്റേറ്റിൽ 2570 ഏക്കർ സ്ഥലമെടുത്ത് പ്രവർത്തനം ആരംഭിക്കുന്ന ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനു കരിമല അരയന്റെ പേരു നൽകണമെന്ന് മല അരയ മഹാസഭ സംസ്ഥാന സമ്മേളനം കേന്ദ്ര സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. ശബരിമല അമ്പലത്തിന്റെ 18 പടികളും അമ്പലവും സ്ഥാപിച്ചത് ആദ്യ പൂജാരിയും കരിമലയുടെ അധിപനും 18 മലകളുടെ അധിപനും ആയിരുന്ന കരിമല അരയനാണെന്നും ചൂണ്ടിക്കാട്ടി. മുരിക്കുംവയൽ ശ്രീശബരീശ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന വാർഷിക സമ്മേളനത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അഞ്ഞൂറിൽ പരം പ്രതിനിധികൾ പങ്കെടുത്തു.
സംസ്ഥാന പ്രസിഡന്റ് എം.കെ. സജി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ. സജീവ് റിപ്പോർട്ട് അവതരിപ്പിച്ചു.
ട്രഷറർ എം.ബി. രാജൻ, വൈസ് പ്രസിഡന്റുമാർ - ഷൈലജ നാരായണൻ, രാജൻ പാലകുന്നേൽ, സെക്രട്ടറിമാർ -സനൽകുമാർ കാവനാൽ, പി.എൻ മോഹനൻ, എം.ഇ.റ്റി ചെയർമാൻ കെ ആർ ഗംഗാധരൻ ഐ. ആർ.എസ്, പോഷക സംഘടനാ നേതാക്കൾ എന്നിവർ പ്രസംഗിച്ചു.