sndp

മുണ്ടക്കയം : എസ്.എൻ.ഡി.പി യോഗം ഹൈറേഞ്ച് യൂണിയൻ ഗുരുവന്ദനം കലോത്സവം 2024 ൽ 355 പോയിന്റുകൾ നേടി ചോറ്റി ശാഖ ഓവറോൾ കിരീടത്തിന് അർഹരായി. 235 പോയിന്റുമായി കൊടുങ്ങ ശാഖ ഇക്കൊല്ലവും രണ്ടാം സ്ഥാനം നിലനിർത്തി.
കോരുത്തോട് ശാഖയാണ് 215 പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തിയത്.

മൂന്ന് ഘട്ടങ്ങളായി നടത്തിയ കലോത്സവത്തിൽ ആദ്യഘട്ടമായി യൂണിയനിലെ 38 ശാഖകളിലും കലാ-സാഹിത്യ മത്സരങ്ങൾ നടത്തി. ശാഖാതല മത്സരങ്ങളിൽ വിവിധയിനങ്ങളിൽ ഒന്നാം സ്ഥാനം ലഭിച്ചവർ ആറു മേഖലകളിലായി നടന്ന കലോത്സവത്തിലും, മേഖലാ കലോത്സവങ്ങളിൽ ഒന്നാം സമ്മാനം ലഭിച്ചവർ യൂണിയൻ തല മത്സരത്തിലും പങ്കെടുത്തു.
സബ് ജൂനിയർ, ജൂനിയർ, സീനിയർ, സൂപ്പർ എന്നീ നാല് വിഭാഗങ്ങളിലായാണ് മത്സരം നടത്തിയത്. ഗുരുദേവകൃതി ആലാപനം, പദ്യപാരായണം, ലളിതഗാനം, സംഘഗാനം, പ്രസംഗം, ഫാൻസിഡ്രസ്, മോണോ ആക്ട് മിമിക്രി, ചിത്രരചന, കവിതാ രചന, കഥാരചന, ഉപന്യാസ രചന തിരുവാതിര എന്നീ ഇനങ്ങളിൽ നടത്തിയ ഗുരു വന്ദനം യൂണിയൻ കലോത്സവം രാത്രി വൈകിയാണ് സമാപിച്ചത്. വിവിധയിനങ്ങളിലായി 382 പ്രതിഭകൾ പങ്കെടുത്തു. ശാഖാ അംഗങ്ങളുടെ കലാ സാഹിത്യ കഴിവുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് ഗുരുവന്ദനം കലോത്സവം നടത്തുന്നത്.

സമാപന സമ്മേളനം യൂണിയൻ സെക്രട്ടറി അഡ്വ. പി. ജീരാജ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ബാബു ഇടയാടിക്കുഴി അദ്ധ്യക്ഷത വഹിച്ചു. കലോത്സവം കോർഡിനേറ്റർ ഷാജി ഷാസ്, യോഗം ബോർഡംഗം ഡോ. പി അനിയൻ, കൗൺസിലർമാരായ സി. എൻ മോഹനൻ, രാജപ്പൻ ഏന്തയാർ, ഷിനു പനക്കച്ചിറ, ശോഭ യശോധരൻ, ശ്രീനാരായണ എംപ്ലോയീസ് പെൻഷൻ കൗൺസിൽ സംസ്ഥാന സെക്രട്ടറി അനിതാ ഷാജി, വനിതാ സംഘം യൂണിയൻ സെക്രട്ടറി സിന്ധു മുരളീധരൻ, യൂത്ത് മൂവ്മെന്റ് യൂണിയൻ ചെയർമാൻ എം വി. ശ്രീകാന്ത്, ഡോ.ഗീത അനിയൻ, ലാലു ഷാസ്, ആർദ്ര മിലൻ ഷാ എന്നിവർ പ്രസംഗിച്ചു സ്നേഹവിരുന്ന്, സമ്മാന വിതരണം എന്നിവയും നടത്തി.