മുണ്ടക്കയം: ലക്ഷങ്ങളുടെ കടക്കാരിയായ ഷഹന ഇനി ലക്ഷാധിപതി. മുണ്ടക്കയം വേങ്ങക്കുന്ന് പുതുപ്പറമ്പിൽ ഷഹന നാസറാണ് ഞായറാഴ്ച നറുക്കെടുത്ത അക്ഷയ ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ചത് വഴി ലക്ഷാധിപതിയായി മാറിയത് . 70 ലക്ഷം രൂപയാണ് സമ്മാനത്തുക. മുണ്ടക്കയം പുത്തൻചന്തയിലുള്ള മാതാ ലക്കി സെന്ററിൽ നിന്നും എടുത്ത ടിക്കറ്റാണ് ഷഹനയ്ക്ക് ഭാഗ്യം നേടിക്കൊടുത്തത്. ലക്ഷങ്ങളുടെ കടബാദ്ധ്യതയിൽ നട്ടം തിരിയുന്ന ഷഹനയെ ലോട്ടറിയുടെ രൂപത്തിൽ ഭാഗ്യം തേടിയെത്തുകയായിരുന്നു. ചെറിയ സമ്മാനങ്ങൾ ഒക്കെ ലഭിക്കുന്നത് സ്ഥിരമാണെങ്കിലും ഇത്ര വലിയ തുക ഷഹനയ്ക്ക് സമ്മാനമായി ലഭിക്കുന്നത് ഇതാദ്യമാണ്.
കഴിഞ്ഞ തിരുവോണം ബമ്പറിൽ 2000 രൂപ ലഭിച്ചിരുന്നു. അയ്യായിരം രൂപ വരെ നേരത്തെ ലഭിച്ചിട്ടുണ്ട്. കിടപ്പാടം പണയപ്പെടുത്തി എടുത്ത ലോൺ എങ്ങനെ തിരിച്ചടയ്ക്കും എന്ന് കരുതിയിരിക്കുമ്പോഴാണ് ഭാഗ്യദേവതയുടെ കടാക്ഷം ലോട്ടറിയുടെ രൂപത്തിൽ എത്തിയത്. ടി.വി യിൽ നറുക്കെടുപ്പ് കാണുന്നതിനിടയിലാണ് സമ്മാനമുണ്ടെന്ന് മനസിലാക്കിയതെന്ന് ഷഹന പറഞ്ഞു.
പിന്നീട് ഓൺലൈനിൽ ഒത്തുനോക്കി ഉറപ്പു വരുത്തി. ഒന്നാം സമ്മാനം തേടിയെത്തിയതിൽ ദൈവത്തിന് നന്ദി പറയുകയാണ് ഷഹന.
ഡ്രൈവറായ സുധീറാണ് ഷഹനയുടെ ഭർത്താവ്. അഫ്രിദ് അലി, അർഷിദ് അമി, അൽഫിയ മെഹറിൻ എന്നിവരാണ് മക്കൾ. കിട്ടുന്ന പണം കൊണ്ട് ആദ്യം കടം വീട്ടണം, പിന്നെ സഹോദരങ്ങളെയൊക്കെ കഴിയും വിധം സഹായിക്കണം -ഷഹനയ്ക്കുള്ളത് ചെറിയ ആഗ്രഹങ്ങൾ മാത്രം.