പെരുംതുരുത്ത്: വിദ്യാർത്ഥികൾ പ്ലസ് ടു കാലഘട്ടം മുതൽ സ്വയം പര്യാപ്തതയിൽ എത്താൻ കഠിനപ്രയത്‌നം നടത്തണമെന്ന് കടുത്തുരുത്തി എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി സി.എം ബാബു പറഞ്ഞു. എസ്.എൻ.ഡി.പി യോഗം 881 നമ്പർ പെരുംതുരുത്ത് ശാഖായോഗത്തിന്റെയും പോഷകസംഘടനകളുടെയും സംയുക്താഭിമുഖ്യത്തിൽ കുട്ടികൾക്കായുള്ള ആനന്ദോത്സവം 2024 അവധിക്കാല ക്ലാസും പഠനോപകരണങ്ങളുടെ വിതരണവും നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം കാലിൽ നിൽക്കാനുള്ള ത്രാണി കുട്ടിക്കാലം മുതൽ ശീലിച്ചാൽ ഏത് പ്രതിസന്ധിയെയും തരണം ചെയ്യാനുള്ള മാനസികമായ ഊർജ്ജം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശാഖാ യോഗം പ്രസിഡന്റ് എൻ. മണിയപ്പൻ അദ്ധ്യക്ഷത വഹിച്ചു. രവിവാരപാഠശാല അദ്ധ്യാപിക ശാന്തമ്മ ടീച്ചർ, ശാഖാ സെക്രട്ടറി തങ്കച്ചൻ പി, പ്രഭാഷക പ്രീതിലാൽ എന്നിവർ പ്രസംഗിച്ചു.