ഏഴാച്ചേരി: പാലാ രാമപുരം മെയിൻ റോഡിൽ ഏഴാച്ചേരി ജി.വി. യു.പി. സ്‌കൂളിന് സമീപം റോഡരികിൽ ഉണങ്ങി നിന്ന കൂറ്റൻ ആഞ്ഞിലിമരം ഇന്നലെ വെട്ടിമറിച്ചു. രാവിലെ 11ന് പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് മരം മുറിച്ചത്.
ഇടിവെട്ടേറ്റ് ഉണങ്ങിനിൽക്കുന്ന മരം സൃഷ്ടിക്കുന്ന അപകടഭീതിയെക്കുറിച്ച് ''കേരള കൗമുദി'' റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്ന് പാലാ ആർ.ഡി.ഒ. കെ.പി. ദീപ സ്ഥലം സന്ദർശിക്കുകയും അപകടം ബോധ്യപ്പെട്ടതിനെ തുടർന്ന് മരം എത്രയുംവേഗം മുറിച്ച് നീക്കാൻ പി.ഡബ്ല്യു.ഡി. അധികാരികൾക്ക് നിർദ്ദേശം നൽകുകയും ചെയ്തു.
എന്നാൽ സമീപത്തുകൂടി കടന്നുപോകുന്ന വൈദ്യുതി ലൈൻ അഴിച്ചുമാറ്റുന്നതിന് കെ.എസ്.ഇ.ബി. അധികൃതർ വൻതുക ആവശ്യപ്പെട്ടതിനെ തുടർന്ന് മരംവെട്ട് വീണ്ടും നീണ്ടുപോയി. ഇത് സംബന്ധിച്ചും കേരള കൗമുദി വാർത്ത റിപ്പോർട്ട് ചെയ്തു. ഈ വിഷയം പാലാ ആർ.ഡി.ഒ. കോട്ടയം ജില്ലാ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തുകയും അടിയന്തര ദുരന്തനിവാരണ പദ്ധതിയിൽപ്പെടുത്തി കെ.എസ്.ഇ.ബി.യിൽ പൈസ അടയ്ക്കാതെ തന്നെ മരം മുറിക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകുകയുമായിരുന്നു.
ഇന്നലെ രാവിലെ 11 ന് മരംവെട്ട് തൊഴിലാളികളും ജെ.സി.ബിയുമായി പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. കെ.എസ്.ഇ.ബി. ജീവനക്കാരെത്തി ഇതിന് സമീപത്തെ വൈദ്യുതി ലൈനുകൾ അഴിച്ചുമാറ്റുകയും ചെയ്തു. തുടർന്ന് ചുവടുമുറിച്ച കൂറ്റൻ മരം ജെ.സി.ബി. കൊണ്ട് തള്ളിമറിക്കുകയായിരുന്നു.
''കേരള കൗമുദി''ക്ക് നന്ദി
അപകടകരമായ നിലയിൽ നിന്ന കൂറ്റൻ മരം അദ്ധ്യയനവർഷം തുടങ്ങുന്നതിനു മുന്നേ മുറിച്ചുമാറ്റുന്നതിനായി നിരന്തരം വാർത്തകളെഴുതിയ കേരള കൗമുദിയെ നന്ദി അറിയിക്കുന്നതായി ഏഴാച്ചേരി ജി.വി. യു.പി. സ്‌കൂൾ മാനേജർ ആർ. ജയചന്ദ്രൻ നായർ വരകപ്പള്ളിൽ പറഞ്ഞു. മുമ്പ് ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ തുടർശ്രമങ്ങൾ നടത്തിയിട്ടും നടക്കാത്ത കാര്യം തുടർവാർത്തകളിലൂടെ കേരള കൗമുദി ബന്ധപ്പെട്ട അധികാരികളുടെ സജീവ ശ്രദ്ധയിൽ കൊണ്ടുവരികയായിരുന്നുവെന്നും ജയചന്ദ്രൻ നായർ ചൂണ്ടിക്കാട്ടി.
ഏഴാച്ചേരി ജി.വി. യു.പി. സ്‌കൂളിന് സമീപം അപകട നിലയിൽ നിന്ന കൂറ്റൻ ആഞ്ഞിലി മരം ചുവട് വെട്ടിയശേഷം ജെ.സി.ബി. കൊണ്ട് തള്ളിമറിക്കുന്നു.