maram

കുടയംപടി : ചെറിയ കാറ്റൊന്ന് വീശിയാൽ യാത്രക്കാർ ഭയക്കും. ഏത് നിമിഷവും നിലംപൊത്താറായ മരം തലയ്ക്ക് മീതെ ആടിയുലഞ്ഞിട്ടും അധികൃതർക്ക് കുലുക്കമില്ല. ഏറെ തിരക്കേറിയ കോട്ടയം - മെഡിക്കൽ കോളേജ് റോഡിൽ കുതിരപ്പന്തി ജംഗ്ഷന് സമീപമാണ് മരം സ്ഥിതി ചെയ്യുന്നത്. മന്ന ചിക്കൻ സെന്ററിന് മുന്നിൽ അപകടകരമായി റോഡിലേക്കും കെ.എസ്.ഇ.ബി ലൈനിന് മുകളിലേക്കും ചാഞ്ഞു നിൽക്കുന്ന മരം മുറിച്ച് നീക്കണമെന്ന് ഏറെ നാളായി നാട്ടുകാർ ആവശ്യപ്പെടുകയാണ്. മരച്ചില്ലകൾ ഒടിഞ്ഞ് വീണ് കാൽനട - വാഹന യാത്രക്കാർക്കടക്കം പരിക്കേറ്റിട്ടുണ്ട്. വൈദ്യുതി ലൈനിലേക്ക് ചില്ലകൾ ഒടിഞ്ഞ് വീണ് തീപിടിത്തവും വൈദ്യുതി തടസവും പതിവാണ്. കനത്തമഴയിൽ ശിഖരങ്ങൾ കൂടുതൽ ചെരിയാൻ തുടങ്ങി. മരത്തിന്റെ തണൽപ്പറ്റി നിരവധിപ്പേർ ഇരുചക്രവാഹനവും ഇവിടെ പാർക്ക് ചെയ്യുന്നുണ്ട്.

വെട്ടിമാറ്റാൻ ഇനിയും വൈകരുത്

മെഡിക്കൽ കോളേജിലേക്ക് രോഗികളുമായി പോകുന്ന ആംബുലൻസ്,​ കുടമാളൂർ ഗവ. സ്കൂളിലേക്ക് പോകുന്ന കുട്ടികൾ എന്നിവരുൾപ്പെടെ സഞ്ചരിക്കുന്നത് ഇതുവഴിയാണ്. ജനങ്ങളുടെ ജീവന് ഭീഷണിയുയ‌ർത്തി നിൽക്കുന്ന മരം എത്രയും വേഗം അധികൃതർ ഇടപെട്ട് വെട്ടിനീക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. ഇത് സംബന്ധിച്ച് സ്വരുമ പുരുഷ സ്വയംസഹായ സംഘം ജില്ലാ കളക്ടർക്കടക്കം പരാതി നൽകിയിട്ടുണ്ട്.

''എത്രയും വേഗം അപകടഭീഷണി ഒഴിവാക്കണം. വൻദുരന്തത്തിന് അധികൃതർ കാത്തുനിൽക്കരുത്. ഭീതിയോടെയാണ് ഇതുവഴി കടന്നുപോകുന്നത്.

പ്രസന്നകുമാർ കെ.വി, സെക്രട്ടറി സ്വരുമ പുരുഷ സ്വയംസഹായ സംഘം