arundas

ചങ്ങനാശേരി : യുവാവിന്റെ അതിക്രമത്തിന് ഇരയായ പെൺകുട്ടിക്ക് സംരക്ഷണമൊരുക്കി സൂപ്പർ ഹീറോകളായിരിക്കുകയാണ് ചങ്ങനാശേരി മുനിസിപ്പൽ ആർക്കേഡിലെ വ്യാപരികൾ. അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തിൽ പകച്ചുപോയ പെൺകുട്ടിക്കും കുടുംബത്തിനും രക്ഷകരാകുക മാത്രമല്ല ഇവർ ചെയ്തത്. ഇത്തരം ആക്രമണങ്ങളെ ജനങ്ങൾ ഒറ്റക്കെട്ടായ് നേരിടണം എന്ന സന്ദേശവും പൊതു സമൂഹത്തിന് നൽകുന്നു. വിഷയത്തിൽ ചങ്ങനാശേരി എംഎൽഎ ജോബ് മൈക്കിളിന്റെ ഇടപെടലും ശ്രദ്ധേയമാണ്. അവിചാരിതമായ് ഈ വഴി കടന്നുപോയ എംഎൽഎ വാഹനത്തിൽ നിന്ന് പുറത്തിറങ്ങി വിഷയത്തിൽ ഇടപെടുകയായിരുന്നു. സംഭവസ്ഥലത്തേക്ക് എത്താൻ വൈകിയ പൊലീസിനെ ശകാരിക്കുകയും ചെയ്തു. പ്രതികളെ പൊലീസിൽ ഏൽപ്പിച്ച ശേഷമാണ് എംഎൽഎ തിരികെ പോയത്. കിടങ്ങറ സ്വദേശിയായ പെൺകുട്ടിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. ഞായറാഴ്ച്ച രാത്രിയാണ് സംഭവം. ചങ്ങനാശേരി മുനിസിപ്പൽ ആർക്കേഡ് ഭാഗത്തുകൂടി മാതാപിതാക്കളോടൊപ്പം നടന്നുപോയ പെൺകുട്ടിക്ക് നേരെയാണ് യുവാവിന്റെ ആക്രമണം ഉണ്ടായത്.


വഴിലൈറ്റുകൾ തെളിയുന്നില്ല പ്രദേശത്ത് ഇരുട്ട്.

ആക്രമണം നടന്ന മുനിസിപ്പൽ ആർക്കേഡ് ഭാഗത്ത് വഴിലൈറ്റുകൾ തെളിയുന്നില്ല. രാഷ്ട്രീയ പാർട്ടികളുടെ കൊടികൾ കെട്ടുന്നതിനാണ് ഇലക്ട്രിക്ക് പോസ്റ്റുകൾ ഉപയോഗിക്കുന്നത് എന്ന് നാട്ടുകാർ ആരോപിക്കുന്നു. മദ്യവിൽപ്പനശാലയോട് ചേർന്നുള്ള ഈ ഭാഗം സാമൂഹിക വിരുദ്ധരുടെ താവളമാണ്.


സ്ത്രീ സുരക്ഷ ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് പ്രതിഷേധം


നഗരമധ്യത്തിൽ രാത്രി മാതാപിതാക്കൾക്കൊപ്പം സഞ്ചരിച്ച പെൺകുട്ടയോട് അതിക്രമം കാണിക്കുകയും അത് തടയാൻ ശ്രമിച്ചവർക്ക് നേരെ മുളക് സ് പ്രേ ഉപയോഗിച്ച് പ്രതിയെ സുഹൃത്തുക്കൾ രക്ഷപ്പെടുത്തിയ സംഭവത്തിൽ പ്രതഷേധിച്ച് ചങ്ങനാശ്ശേരിയിൽ മഹിളാ കോൺഗ്രസ് പ്രതഷേധ പ്രകടനം നടത്തി. പോലിസ് സ്റ്റേഷനിൽ വിവരം അറിയിച്ചിട്ട് മണിക്കൂറുകൾക്ക് ശേഷമാണ് പോലീസ് എത്തിയതെന്നതും ഗുരുതരമായ വീഴ്ചയാണെന്നും സ്ത്രീ സുരക്ഷയ്ക്ക് സർക്കാർ യാതൊന്നും ചെയ്യുന്നില്ലെന്നും മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നവർ നഗര മധ്യത്തിൽ അഴിഞ്ഞാടുകയുമാണെന്നും സ്ത്രീകളും കുട്ടികളും യാതൊരു തരത്തിലും സുരക്ഷിതരല്ലെന്നും പ്രതഷേധത്തിന് നേതൃത്വം നൽകിയ മഹിളാ കോൺഗ്രസ് ജില്ല പ്രസിഡന്റ് ബെറ്റി ടോജോ ആരോപിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറി ശ്രീ.പി.എച്ച് നാസർ ഉദ്ഘാടനം ചെയ്തു. യു .ഡി.എഫ് ചെയർമാൻ പി.എൻ നൗഷാദ് , ആന്റണി കുന്നുംപുറം, ജോമി ജോസഫ്, ശ്രീദേവി അജയൻ, ലിസി വർഗീസ്, ഷെമി ബഷീർ, റോസ്ലിൻ കെ ഫിലിപ്പ്, നജിയ നൗഷാദ്, ബീന ജിജൻ, ഷൈനി ഷാജീ എന്നിവർ പ്രസംഗിച്ചു