rain

കോട്ടയം : പെരുമഴ പ്രവചിക്കാത്ത ദിനം തിമിർത്ത് പെയ്തപ്പോൾ ജില്ലയിൽ വ്യാപകനാശം. വൈക്കത്ത് മീൻ പിടിക്കുന്നതിനിടെ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു. കിഴക്കൻമേഖലയിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായി. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. നദികളിലെ ജലനിരപ്പ് അപടകരമാംവിധം ഉയരുകയാണ്. പാലാ പുഴക്കരയിലെ സ്‌കെയിലിൽ 30 മിനിട്ട് കൊണ്ട് മീനച്ചിലാറ്റിൽ ഒരടിയോളം വെള്ളം ഉയർന്നു. അതിതീവ്ര മഴയെത്തുടർന്ന് ഇന്നലെ ഉച്ചയോടെയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചത്. കനത്തമഴയാണ് ഇന്നലെ രാവിലെ വൈക്കം, കോട്ടയം, മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കുകളിൽ പെയ്തിറങ്ങിയത്. പടിഞ്ഞാറൻ മേഖലകളിലെ തോടുകൾ കവിഞ്ഞൊഴുകുകയാണ്.

വൈക്കം കുലശേഖരമംഗലത്തും, കോട്ടയം നട്ടാശേരിയിലും മരം വീണ് വീടുകൾക്ക് നാശമുണ്ടായി. അറുനൂറ്റിമംഗലത്ത് രണ്ട് പ്ളൈവുഡ് ഫാക്ടറികളിലേയ്ക്ക് മണ്ണിടിച്ചിലുണ്ടായി. തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു. ഈരാറ്റുപേട്ട - വാഗമൺ റോഡിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് കല്ലംഭാഗത്ത് മണിക്കൂറുകളോളം വിനോദ സഞ്ചാരികൾ ഉൾപ്പെടെ കുടുങ്ങി. മൂന്നാനി, പാലാ കൊട്ടാരമറ്റം, പനയ്ക്കപ്പാലം, അമ്പാറ, ഏറ്റുമാനൂർ -പാലാ റോഡിൽ ഷട്ടർ കവലയ്ക്ക് സമീപവും, കുറവിലങ്ങാട് ടൗണിലും എന്നിവിടങ്ങളിൽ റോഡിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു.

താഴ്ന്ന പ്രദേശങ്ങളിലെ പലരും സാധനങ്ങൾ സുരക്ഷിതമായ സ്ഥാനങ്ങളലേയ്ക്ക് മാറ്റിത്തുടങ്ങി. കിഴക്കൻ വെള്ളത്തിന്റെ വരവ് കൂടുകയാണെങ്കിൽ എ.സി റോഡിലടക്കം ജലനിരപ്പ് ഉയരും. അപകട സാദ്ധ്യത കണക്കിലെടുത്ത് ജില്ലാ ഭരണകൂടവും ജാഗ്രതയിലാണ്.

ഉയരുന്ന ആശങ്ക
കിഴക്കൻ വെള്ളത്തിന്റെ ശക്തി വർദ്ധിച്ചു
വെള്ളപ്പൊക്ക ഭീഷണിയിൽ പടിഞ്ഞാറൻ മേഖല
മലയോരമേഖലയിൽ മണ്ണിടിച്ചിൽ ഭീഷണി
ജില്ലയിൽ ദുരിതാശ്വാസക്യാമ്പ് തുറന്നു
തോടുകളിലടക്കം നീരൊഴുക്ക് വർദ്ധിച്ചു

2 ദുരിതാശ്വാസ ക്യാമ്പുകൾ

ജില്ലയിൽ രണ്ടു ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങി. മാഞ്ഞൂർ പഞ്ചായത്തിൽ കുറുപ്പുന്തറ പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ, ഏറ്റുമാനൂർ ഗവ. ബോയ്‌സ് എച്ച്.എസ് എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ തുടങ്ങിയയത്. മാഞ്ഞൂരിൽ ഏഴു കുടുംബങ്ങളിലെ 26 അംഗങ്ങളും, ഏറ്റുമാനൂരിൽ നാലു കുടുംബങ്ങളിലെ 17 അംഗങ്ങളുമുണ്ട്.

വിനോദസഞ്ചാര മേഖലയിൽ നിരോധനം

ഇലവീഴാപൂഞ്ചിറ,ഇല്ലിക്കൽകല്ല്, മാർമല അരുവി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട - വാഗമൺ റോഡിലെ രാത്രികാലയാത്രയും കളക്ടർ നിരോധിച്ചു.

''അതിതീവ്രമഴയെത്തുടർന്ന് മീനച്ചിലാറിൽ ജലനിരപ്പ് ഉയർന്നതിനാൽ മീനച്ചിലാറിന്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണം.

വി.വിഗ്‌നേശ്വരി , ജില്ലാ കളക്ടർ