പൊൻകുന്നം: പെരുമഴയിൽ വാഴൂർ, പൊൻകുന്നം, കാഞ്ഞിരപ്പള്ളി, എരുമേലി, മുണ്ടക്കയം തുടങ്ങിയ മേഖലകളിലെ ഇടറോഡുകളിലും ദേശീയപാതയടക്കമുള്ള പ്രധാന പാതകളിലുമെല്ലാം വിവിധഭാഗങ്ങളിൽ വെള്ളക്കെട്ടുണ്ടായി. റോഡ് നിറഞ്ഞൊഴുകുന്ന വെള്ളം കാരണം മിക്കയിടങ്ങളിലും മണിക്കൂറുകളോളം നീണ്ട ഗതാഗതക്കുരുക്കിൽ യാത്രക്കാർ കുരുങ്ങി. പൊൻകുന്നത്തും കാഞ്ഞിരപ്പള്ളിയിലും ടൗണിനോട് ചേർന്നുള്ള ചെറുപാതകളെല്ലാം വെള്ളത്തിൽ മുങ്ങിയത് ഇരുചക്രവാഹനങ്ങളടക്കം അപകടത്തിൽപ്പെടാൻ ഇടയാക്കി. ദേശീയപാതയിലെ ഒാടകളെല്ലാം ചപ്പുചവറുകളും മണ്ണും നിറഞ്ഞ് വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടുത്തുന്ന നിലയിലാണ്. മഴക്കാലപൂർവ്വ ശുചീകരണം കാര്യമായി നടക്കാത്തതാണ് രൂക്ഷമായ വെള്ളക്കെട്ടിന് കാരണം.