കോട്ടയം: കോട്ടയം -മെഡിക്കൽ കോളേജ് റോഡിൽ കുടയംപടി കുതിരപ്പന്തി ജംഗ്ഷന് സമീപം അപകടകരമായി നിൽക്കുന്ന തണൽ മരത്തിന്റെ ചില്ലകൾ അടിയന്തരമായി മുറിച്ച് നീക്കണമെന്നാവശ്യപ്പെട്ട് സ്വരുമ പുരുഷ സ്വയംസഹായ സംഘം ജില്ലാ കളക്ടർക്ക് പരാതി നൽകി. മെഡിക്കൽ കോളേജ്, ഐ.സി.എച്ച് ആശുപത്രി എന്നിവിടങ്ങളിലേക്ക് ആംബുലൻസ് ഉൾപ്പെടെയുള്ള നിരവധി വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നു. സമീപത്തെ സ്കൂളുകളിലേക്കും മറ്റും വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള വഴിയാത്രക്കാരും കടന്നുപോകുന്ന പ്രധാന പാതയിലാണ് തണൽമരത്തിന്റെ ചില്ലകൾ അപകടകരമായ രീതിയിൽ നിൽക്കുന്നത്. മരച്ചില്ലകൾ ഒടിഞ്ഞുവീണ് കാൽനട - വാഹന യാത്രക്കാർക്ക് അടക്കം പരിക്കേറ്റിട്ടുണ്ട്. വൈദ്യുതി ലൈനിലേക്ക് ചില്ലകൾ ഒടിഞ്ഞ് വീണ് തീപിടിത്തവും വൈദ്യുതി തടസവും പതിവാണ്. മഴ വരവായതോടെ ശക്തമായ കാറ്റടിച്ചാൽ എപ്പോൾ വേണമെങ്കിലും ചില്ലകൾ ഒടിഞ്ഞു വൈദ്യുതി ലൈനിൽ വീണ് വലിയ അപകടവും ഉണ്ടായേക്കാം. ജനങ്ങളുടെ ജീവന് ഭീഷണിയുയർത്തി നിൽക്കുന്ന മരം എത്രയും വേഗം അധികൃതർ ഇടപെട്ട് വെട്ടിനീക്കണമെന്നാണ് ആവശ്യം.