water-

പാലാ: ഇന്നലെ പെയ്ത അതിതീവ്രമഴയിൽ പാലാ നഗരത്തിലെ മെയിൻ റോഡുകളിൽ ഉൾപ്പെടെ വെള്ളക്കെട്ട് രൂപപ്പെട്ടു. ഒറ്റമഴയിൽ തന്നെ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ വാഹന, കാൽനട യാത്രക്കാർ ദുരിതത്തിലുമായി. യഥാസമയം ഓടകൾ വൃത്തിയാക്കാത്തതും അടഞ്ഞ ഓടകൾ തുറക്കാത്തതുമാണ് വെള്ളക്കെട്ടുകൾ ഉണ്ടാകാൻ കാരണമെന്ന് പരാതി ഉയർന്നു.

വെള്ളക്കെട്ടുകൾ മൂലം ചെറിയ വാഹനങ്ങൾ അപകടത്തിൽപ്പെടുകയാണ്. കാൽനട യാത്രക്കാരുടെ സഞ്ചാരവും പ്രയാസത്തിലായി.

ഓടകളിലെ കല്ലും മണ്ണും നീക്കം ചെയ്ത് ഓടകൾ നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് പാലാ പൗരാവകാശ സമിതി പ്രസിഡന്റ് ജോയി കളരിക്കൽ പാലാ മുനിസിപ്പൽ ചെയർമാന് ഇന്നലെ പരാതി നൽകി.

സ്‌കൂളുകൾ തുറക്കുവാൻ പോകുകയാണ്. ഈ സാഹചര്യത്തിൽ അനേകം വിദ്യാർത്ഥികളും പ്രായമായവരും കാഴ്ചക്കുറവുള്ളവരും ശാരീരിക ന്യൂനതയുള്ളവരുമൊക്കെ ഉൾപ്പെടുന്ന കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി സഞ്ചരിക്കുവാൻ ടൗണിലെ ഫുട്പാത്തുകളുടെ തകർച്ച പരിഹരിക്കണം. ഭരണകക്ഷിയിലെ തമ്മിലടി നിർത്തി ജനക്ഷേമകരമായ പ്രവർത്തനങ്ങൾക്ക് ആവശ്യമായ മേൽനടപടികൾ സ്വീകരിക്കണം- പരാതിയിൽ ജോയി കളരിക്കൽ ആവശ്യപ്പെട്ടു.

ഫുട്പാത്തുകളും തകർന്നുതന്നെ

ടൗണിലെ ഫുട്പാത്തുകൾ പലതും തകർന്നുകിടക്കുകയാണെന്നും തകർന്നു കിടക്കുന്ന ടൈലുകളിലും മറ്റും തട്ടി കാൽനടയാത്രക്കാരുടെ കാലുകൾക്ക് പരിക്കേൽക്കുന്നത് പതിവായിരിക്കുകയാണെന്നും ജോയി കളരിക്കൽ പരാതിപ്പെട്ടു.