samrakshana-bhithi

പാലാ: പെരുമഴയിലും ഉരുൾപൊട്ടലിലും വീടുകൾ തകർന്നു. ഒരു വിദ്യാർത്ഥിക്ക് പരിക്കേറ്റു. നാല് കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്.

മീനച്ചിൽ താലൂക്കിലെമ്പാടും തുടർച്ചയായി പെയ്ത അതിതീവ്രമഴ കനത്ത നാശമാണ് വിതച്ചത്. ഭരണങ്ങാനം, മേലുകാവ് പഞ്ചായത്തുകളുടെ അതിർത്തിയായ ഇടമറുക്, തേവർമല, കൈലാസം ഭാഗത്ത് ഭരണങ്ങാനം വില്ലേജ് അതിർത്തിയിൽ ചോക്കല്ല് മലയുടെ ഒരുവശത്ത് ഉരുൾപൊട്ടി. കുത്തൊഴുക്കിൽ എട്ട് വീടുകളിൽ ഉരുൾവെള്ളം ഇരച്ചെത്തി വീട്ടുപകരണങ്ങൾ ഒഴുകിപ്പോയി. തങ്കച്ചൻ കൊച്ചുവീട്ടിൽ, ജിതിൻ കൊച്ചുവീട്ടിൽ, നിതിൻ കൊച്ചുവീട്ടിൽ, റോസമ്മ വടക്കേവീട്ടിൽ, ബിജു പുത്തൻപുരയ്ക്കൽ, തങ്കമ്മ പുത്തൻപുരയ്ക്കൽ, കുഞ്ഞുകുട്ടി കാര്യാങ്കൽ, പയസ് മുറത്താങ്കൽ എന്നിവരുടെ വീടുകളിലാണ് ഉരുൾവെള്ളം കയറി നാശനഷ്ടമുണ്ടായത്. ഇതിൽ പയസ് മുറത്താങ്കൽ ഒഴികെയുള്ളവർ ലൈഫ് ഭവന പദ്ധതി ലിസ്റ്റിൽ പേരുൾപ്പെട്ട പാവപ്പെട്ടവരാണ്. ഗുണഭോക്തൃലിസ്റ്റിൽ മുൻഗണന നൽകി ഇവർക്ക് എത്രയും വേഗം വാസയോഗ്യമായ വീടുകൾ നിർമ്മിച്ച് നൽകണമെന്ന് ഭരണങ്ങാനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനോദ് ചെറിയാൻ വേരനാനി ആവശ്യപ്പെട്ടു.

ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ സെബാസ്റ്റ്യൻ, വൈസ് പ്രസിഡന്റ് വിനോദ് ചെറിയാൻ വേരനാനി, പൊതുപ്രവർത്തകൻ നിതിൻ സി. വടക്കൻ, ഭരണങ്ങാനം പഞ്ചായത്ത് സെക്രട്ടറി സജിത്ത് മാത്യൂസ് തുടങ്ങിയവർ നാശനഷ്ടമുണ്ടായ പ്രദേശങ്ങൾ സന്ദർശിച്ചു. ഭരണങ്ങാനം പഞ്ചായത്തിലെ അളനാട് സ്‌കൂളിൽ മൂന്ന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.


രാവിലെ 8 മുതൽ തുടങ്ങി

മീനച്ചിൽ താലൂക്കിൽ രാവിലെ 8 മുതൽ നാല് മണിക്കൂറോളം നീണ്ട അതിതീവ്ര മഴയാണ് പെയ്തത്. കനത്ത മഴവെള്ളത്തിൽ പാലാ ഏറ്റുമാനൂർ പൂഞ്ഞാർ ഹൈവേയിൽ പാലാ സെന്റ് തോമസ് സ്‌കൂൾ, അൽഫോൻസാ കോളേജ്, കൊട്ടാരമറ്റം, പനയ്ക്കപ്പാലം, വൈക്കം റൂട്ടിൽ മണലേൽ പാലം, പാലാ കരൂ‌ർ, പാലാ മുരിക്കുംപുഴ എന്നിവിടങ്ങളിലും വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. ഉച്ചയോടെ മഴ തോർന്നതാണ് അല്പമെങ്കിലും ആശ്വാസമായത്. മീനച്ചിലാറ്റിലും വലിയ ജലപ്രവാഹമായിരുന്നു. ഇടതോടുകളും നിറഞ്ഞൊഴുകി. പാലാ സിവിൽ സ്റ്റേഷന് പുറകിലുള്ള അംഗൻവാടിയിലും കിഴതടിയൂർ അംഗൻവാടിയിലും വെള്ളം കയറി. കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാന്റിന് മുന്നിൽ വലിയ വെളളക്കെട്ടാണ് രൂപപ്പെട്ടത്.


പൂവരണിതേവർക്ക് ആറാട്ട്

ഒറ്റമഴയിൽ മീനച്ചിൽ തോട് കരകവിഞ്ഞ് പൂവരണി മഹാദേവക്ഷേത്രത്തിൽ അരയ്‌ക്കൊപ്പം വെള്ളമുയർന്നു. പൂവരണി തേവർക്ക് പുഴവെള്ളംകൊണ്ടൊരു ആറാട്ട്. എല്ലാ വർഷവും ഒന്നോ രണ്ടോ തവണ ഇങ്ങനെ പൂവരണി തേവർ മഴവെള്ളംകൊണ്ട് ആറാടാറുണ്ട്.


വെള്ളക്കെട്ടിൽ വീണ് വിദ്യാർത്ഥിക്ക് പരിക്ക്

വെള്ളക്കെട്ടിൽ വീണ് വിദ്യാർത്ഥിക്ക് പരിക്ക്. മുരിക്കുംപുഴ റോഡിൽ കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ട് രൂപപ്പെടുകയും അതുവഴി ഡോക്ടറെ കാണുവാൻ പോയ ചെത്തിമറ്റം എള്ളുംകാലായിൽ ആന്റോ ആന്റണി (14) വെള്ളക്കെട്ടുള്ള ഭാഗത്ത് ഓടയിൽ വീഴുകയുമായിരുന്നു. ഉടൻതന്നെ ഒപ്പമുണ്ടായിരുന്ന പിതാവ് ആന്റണി എള്ളുംകാലായിൽ വിദ്യാർത്ഥിയെ പിടിച്ചെഴുന്നേൽപ്പിച്ചു. കാൽമുട്ടിലെ തൊലി മുറിഞ്ഞു.

നെല്ലിയാനി ബൈപാസിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു വീണു

കനത്ത മഴയെ തുടർന്ന് ഉണ്ടായ വെള്ളപ്പാച്ചിലിൽ നെല്ലിയാനി ബൈപാസ് റോഡിൽ കിസാൻ കവലയ്ക്ക് സമീപം റോഡിന്റെ സംരക്ഷ ഭിത്തി ഇടിഞ്ഞ് അപകട സ്ഥിതിയിലായി. ടാർ ഭാഗം വരെ റോഡ് ഇടിഞ്ഞുതാണു. മറ്റ് ഇടറോഡുകൾ വെള്ളത്തിൽ മുങ്ങിയതോടെ ഇതുവഴിയാണ് വാഹനയാത്രക്കാർ കടന്നു പോകുന്നത്. നിരവധി അന്തർ സംസ്ഥാന വാഹനങ്ങളും ഈ വഴി പ്രയോജനപ്പെടുത്തുന്നുണ്ട്. വാഹനത്തിരക്കേറിയ ഈ റോഡിന്റെ സംരക്ഷണഭിത്തി തകർന്ന് അപകട സാദ്ധ്യത ഏറിയതിനാൽ അടിയന്തരമായി സംരക്ഷണഭിത്തി നിർമ്മിച്ച് റോഡ് സുരക്ഷ ഉറപ്പാക്കുവാൻ നടപടി വേണമെന്ന് ഗ്രാമപഞ്ചായത്ത് അംഗം മഞ്ജു ബിജു പി.ഡബ്ല്യു.ഡി. അധികൃതരോട് ആവശ്യപ്പെട്ടു. നാട്ടുകാർ ഇവിടെ താത്കാലിക മുന്നറിയിപ്പ് ക്രമീകരണം ഏർപ്പെടുത്തി.