കോട്ടയം: വോട്ടെണ്ണലിന് ഒരാഴ്ച മാത്രം ശേഷിക്കേ കോട്ടയം ലോക് സഭാ മണ്ഡലത്തിൽ ആര് ജയിക്കുമെന്ന ചോദ്യത്തിന് തങ്ങളുടെ സ്ഥാനാർത്ഥി വലിയ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന കണക്കു നിരത്തി നേതാക്കൾ. സി.പി.എം ജില്ലാ സെക്രട്ടറി എ.വി.റസൽ, ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് , ബി.ജെ.പി നേതാവ് നാരായണൻ നമ്പൂതിരി എന്നിവരാണ് പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മുഖാമുഖത്തിൽ അവകാശവാദവുമായി കൊമ്പുകോർത്തത്.
എ.വി.റസൽ
കോട്ടയത്ത് എഴുപത്തായിരത്തോളം വോട്ടുകൾ കുറഞ്ഞെങ്കിലും ഇടതു പക്ഷ വോട്ടുകൾ മുഴുവൻ പോൾ ചെയ്യിക്കാനായി. 8.34 ലക്ഷം വോട്ടുകൾ പോൾ ചെയ്തതിൽ മൂന്നര ലക്ഷം വോട്ടുകളെങ്കിലും നേടി ഇടതു സ്ഥാനാർത്ഥി തോമസ് ചാഴികാടൻ വൻ ഭുരിപക്ഷത്തിൽ ജയിക്കും. പോളിംഗ് ശതമാന കുറവ് ബാധിച്ചത് യു.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർത്ഥികളുടെ വോട്ടിലാണ്. കോട്ടയത്തിനു പുറമേ ജില്ലയിൽ വരുന്ന പത്തനംതിട്ട, മാവേലിക്കര മണ്ഡലത്തിലും പോളിംഗ് ശതമാനം കുറഞ്ഞു. മുഴുവൻ വോട്ടുകളും പോൾ ചെയ്യിക്കാൻ കഴിഞ്ഞ ഇടതു മുന്നണിയെയാണ് ഇതു സഹായിക്കുക.
നാട്ടകം സുരേഷ്
വൈക്കം മണ്ഡലം അടക്കം ഏഴു നിയമസഭാ മണ്ഡലങ്ങളിലും യു.ഡി.എഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജ് വൻ ഭൂരിപക്ഷം നേടും. 2019ലെ തിരഞ്ഞെടുപ്പിൽ യു.ഡിഎഫ് ജയിപ്പിച്ചുവിട്ട തോമസ് ചാഴികാടൻ ഇടതു പക്ഷത്തേക്ക് കാലുമാറിയതിന്റെ മധുര പ്രതികാരം ഈ തിരഞ്ഞെടുപ്പിൽ ഉണ്ടാകും. പോളിംഗ് ശതമാനം കുറഞ്ഞത് വോട്ടർമാർക്ക് കേന്ദ്ര സംസ്ഥാന സർക്കാർ വിരുദ്ധ നിലപാടുകളോടുള്ള നിസംഗത കാരണമാണ്.
നാരായണൻ നമ്പൂതിരി
കോട്ടയത്തെ വികസന മുരടിപ്പിനെതിരെയുള്ള വിധിയെഴുത്തെന്ന നിലയിൽ എൻ.ഡി.എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി വലിയ മുന്നേറ്റം കോട്ടയത്ത് ഉണ്ടാക്കും. കോൺഗ്രസും സി.പി.എമ്മും അഖിലേന്ത്യാതലത്തിൽ ഒരു മുന്നണിയും കേരളത്തിൽ രണ്ടു മുന്നണിയുമായി മത്സരിക്കുന്നതിന്റെ പൊള്ളത്തരം മനസിലാക്കിഎൻ.ഡിഎക്ക് അനുകൂലമായ പ്രതികരണമാകും വോട്ടർമാരിൽ ഉണ്ടാവുക. 75000 വോട്ട് കോട്ടയത്ത് കുറഞ്ഞതിന്റെ അങ്കലാപ്പിലാണ് എൽ.ഡി.എഫും യു.ഡി.എഫും. ഇത് ആർക്ക് കൂടുതൽ കിട്ടി എന്നു കൂടി അവർ ചിന്തിക്കണം.
ഇന്ത്യാമുന്നണിയായി മത്സരിക്കുന്ന യു.ഡിഎഫും ഇടതുമുന്നണിയും കേരളത്തിൽ പരസ്പരം പോരടിക്കുന്നതിനെ നാരായണൻ നമ്പൂതിരി വിമർശിച്ചപ്പോൾ വ്യത്യസ്ത നിലപാടിനെ ന്യായീകരിക്കാനാണ് എൽ.ഡി.എഫ്, യു.ഡി.എഫ് നേതാക്കൾ ശ്രമിച്ചത്.
പ്രസ് ക്ലബ്ബ് പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യൻ, സെക്രട്ടറി റോബിൻ തോമസ് പ്രസംഗിച്ചു.