പാലാ : ഇരച്ചെത്തിയ മലവെള്ളത്തിനൊപ്പം, കൂറ്റൻ ഉരുളുകളും പതിച്ചതോടെ ഇടമറുക് ചോക്കല്ല് നിവാസികൾ ഭയന്നുവിറച്ചു. പിന്നെ ഉയർന്നത് കൂട്ടനിലവിളിയാണ്. പലരും പ്രാണരക്ഷാർത്ഥം ഓടി. 7 വീടുകൾക്കാണ് നാശം സംഭവിച്ചത്. ഒരു വിദ്യാർത്ഥിയ്ക്ക് പരിക്കേറ്റു. നാല് കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. മീനച്ചിൽ താലൂക്കിലെമ്പാടും തുടർച്ചയായി പെയ്ത അതിതീവ്രമഴ കനത്ത നാശമാണ് വിതച്ചത്. ഭരണങ്ങാനം, മേലുകാവ് പഞ്ചായത്തുകളുടെ അതിർത്തിയായ ഇടമറുക്, തേവർമല, കൈലാസം ഭാഗത്ത് ഭരണങ്ങാനം വില്ലേജ് അതിർത്തിയിൽ ചോക്കല്ല് മലയുടെ ഒരുവശത്താണ് ഉരുൾപൊട്ടിയത്. കുത്തൊഴുക്കിൽ എട്ട് വീടുകളിൽ ഉരുൾവെള്ളം ഇരച്ചെത്തി വീട്ടുപകരണങ്ങൾ ഒഴുകിപ്പോയി. തങ്കച്ചൻ കൊച്ചുവീട്ടിൽ, ജിതിൻ കൊച്ചുവീട്ടിൽ, നിതിൻ കൊച്ചുവീട്ടിൽ, റോസമ്മ വടക്കേവീട്ടിൽ, ബിജു പുത്തൻപുരയ്ക്കൽ, തങ്കമ്മ പുത്തൻപുരയ്ക്കൽ, കുഞ്ഞുകുട്ടി കാര്യാങ്കൽ, പയസ് മുറത്താങ്കൽ എന്നിവരുടെ വീടുകളിലാണ് നാശം. ഇതിൽ പയസ് മുറത്താങ്കൽ ഒഴികെയുള്ളവർ ലൈഫ് ഭവന പദ്ധതി ലിസ്റ്റിൽ പേരുൾപ്പെട്ട പാവപ്പെട്ടവരാണ്. ഗുണഭോക്തൃലിസ്റ്റിൽ മുൻഗണന നൽകി ഇവർക്ക് എത്രയും വേഗം വാസയോഗ്യമായ വീടുകൾ നിർമ്മിച്ച് നൽകണമെന്ന് ഭരണങ്ങാനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനോദ് ചെറിയാൻ വേരനാനി ആവശ്യപ്പെട്ടു. ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ സെബാസ്റ്റ്യൻ, വൈസ് പ്രസിഡന്റ് വിനോദ് ചെറിയാൻ വേരനാനി, പൊതുപ്രവർത്തകൻ നിതിൻ സി. വടക്കൻ, പഞ്ചായത്ത് സെക്രട്ടറി സജിത്ത് മാത്യൂസ് തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. ഭരണങ്ങാനം പഞ്ചായത്തിലെ അളനാട് സ്‌കൂളിൽ മൂന്ന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.