തിരുവനന്തപുരം: കനത്ത മഴയിൽ കോട്ടയത്ത് ഇന്നലെ രണ്ടിടത്ത് ഉരുൾപൊട്ടി. ആളപായമില്ല. തലനാട് മൂന്നിലവിന് സമീപം ചൊവ്വൂരും മേലുകാവ് കിഴക്കമറ്റത്തുമാണ് ഉരുൾപൊട്ടലുണ്ടായത്. മേലുകാവിൽ എട്ട് വീടുകളിൽ ഉരുൾവെള്ളം ഇരച്ചെത്തി വീട്ടുപകരണങ്ങൾ ഒഴുകിപ്പോയി. ചൊവ്വൂരിലുണ്ടായ ഉരുൾപൊട്ടലിൽ വ്യാപക കൃഷിനാശമുണ്ടായി. മുണ്ടക്കയത്ത് മണിമലയാറ്റിൽ യുവാവിനെ ഒഴുക്കിൽപെട്ട് കാണാതായി. കളപ്പുരയ്ക്കൽ തിലകനാണ് ഒഴുക്കിൽപെട്ടത്.
ഈരാറ്റപേട്ട-വാഗമൺ റോഡിൽ കല്ലംഭാഗത്ത് റോഡിലേയ്ക്ക് മണ്ണിടിഞ്ഞ് മണിക്കൂറുകളോളം വിനോദ സഞ്ചാരികൾ ഉൾപ്പെടെ കുടുങ്ങി. അഞ്ഞൂറ്റിമംഗലത്ത് രണ്ട് പ്ലൈവുഡ് ഫാക്ടറികളിലേയ്ക്ക് മണ്ണിടിഞ്ഞു വീണു. കൊല്ലത്ത് വീടിനു സമീപത്തെ തോട്ടിലെ ഒഴുക്കിൽപ്പെട്ട് മുഖത്തല വയലിൽ വീട്ടിൽ സലിമിനെ (നൂഹ്-48) കാണാതായി. ഇന്നലെ വൈകിട്ട് 4.30ന് കണിയാംതോടിന്റെ കരയിൽ നിൽക്കുമ്പോൾ കാൽവഴുതി വീഴുകയായിരുന്നു. ഇടുക്കി മലയോര മേഖലകളിൽ രാത്രി യാത്ര നിരോധിച്ചു.
എം.ലീലാവതിയുടെ
വീട്ടിൽ വെള്ളം കയറി
പ്രശസ്ത എഴുത്തുകാരി ഡോ.എം.ലീലാവതിയുടെ എറണാകുളം തൃക്കാക്കര പൈപ്പ് ലൈൻ റോഡിലെ വീട്ടിൽ വെള്ളം കയറി പുസ്തകങ്ങൾ നശിച്ചു. ലീലാവതിയെ തൊട്ടടുത്തുള്ള മകൻ വിനയന്റെ വീട്ടിലേക്ക് മാറ്റി. വീടിനുള്ളിൽ രണ്ടടിയോളം വെള്ളമുയർന്നു. പരിസരത്തെ വീടുകളിലും വെള്ളം കയറി. പെരുമഴയിൽ വെള്ളക്കെട്ടുണ്ടായതിനെ തുടർന്ന് എറണാകുളം നഗരത്തിൽ ഏറെനേരം ഗതാഗതം സ്തംഭിച്ചു.
ബസിന് മുകളിൽ മരം
വീണ് ഒരാൾക്ക് പരിക്ക്
ഫോർട്ട് കൊച്ചിയിൽ കെ.എസ്.ആർ.ടി.സി ബസിന് മുകളിലേക്ക് കൂറ്റൻ മരം വീണ് യാത്രക്കാരിക്ക് പരിക്കേറ്റു. കൂത്താട്ടുകുളം - ഫോർട്ട്കൊച്ചി റൂട്ടിൽ സർവീസ് നടത്തുന്ന വേണാട് ബസ് സ്റ്റോപ്പിൽ നിറുത്തിയിരുന്നപ്പോഴായിരുന്നു സംഭവം. ഡ്രൈവർക്കും കണ്ടക്ടർക്കും പുറമേ ഏഴ് യാത്രക്കാർ ബസിലുണ്ടായിരുന്നു. ഫോർട്ട് കൊച്ചി ആർ.ഡി ഓഫീസിലെ ജീവനക്കാരി ആതിരയുടെ കൈയ്ക്കാണ് പരിക്കേത്. സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പിൽ നിന്ന നൂറ്റാണ്ട് പഴക്കമുള്ള കൂറ്റൻ മരമാണ് വീണത്. ഇന്നലെ രാവിലെ 9.45നായിരുന്നു സംഭവം.
ആലപ്പുഴയിൽ 11
വീടുകൾ തകർന്നു
ആലപ്പുഴയിൽ ശക്തമായ കാറ്റിൽ 11 വീടുകൾ തകർന്നു. വിവിധ താലൂക്കുകളിലായി 2500ലധികം വീടുകൾ വെള്ളത്തിലായി. മരംവീണ് ദേശീയപാതയിലും എ.സി റോഡിലും ഗതാഗത തടസമുണ്ടായി. കായംകുളത്തിന് സമീപം ട്രാക്കിൽ മരം വീണതിനെത്തുടർന്ന് അരമണിക്കൂർ ട്രെയിൻ സർവീസ് നിറുത്തി. കെ.പി റോഡിൽ കറ്റാനത്ത് സ്വകാര്യ ആശുപത്രി കെട്ടിടത്തിന് മുകളിലേയ്ക്ക് മരം വീണു.