kurichithanam

കുറവിലങ്ങാട്: ഇന്നലത്തെ ശക്തമായ മഴയിൽ കുറവിലങ്ങാട് കടുത്തുരുത്തി മേഖലകളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. കോഴാ പാലാ റോഡിലും മരങ്ങാട്ടുപിള്ളി കടപ്ലാമറ്റം റോഡിലും വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. എം.സി റോഡിൽ വെമ്പള്ളി തോട് കരകവിഞ്ഞു. വെമ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും സമീപത്തെ വീടുകളിലും വെള്ളം കയറി. വെമ്പള്ളി കളത്തൂർ വയലാ ഭാഗങ്ങളിലെ കൃഷിയിടങ്ങൾ വെള്ളം കയറി മൂടി. കടപ്പൂർ പാടശേഖരവും വെള്ളത്തിലായി. കടപ്ലാമറ്റം ടെക്‌നിക്കൽ സ്‌കൂളിൽ വെള്ളം കയറി ക്ലാസ് റൂമിലെ ഫർണിച്ചറുകൾ അടക്കം വെള്ളത്തിലായി. മരങ്ങാട്ടുപിള്ളി തോട്ടിൽ വൻ തോതിൽ വെള്ളം പൊങ്ങി. ആണ്ടൂർ ആയൂർവേദ ആശുപത്രിയിൽ വെള്ളം കയറി. മരങ്ങാട്ടുപിള്ളി വലിയപാറ കുറിച്ചിത്താനം വില്ലേജ് റോഡ് ഇടിഞ്ഞ് ഗതാഗത തടസം ഉണ്ടായി. കാളികാവിൽ കല്യാടിക്കൽ ഭാഗത്ത് ഏക്കർ കണക്കിന് സ്ഥലത്തെ കപ്പ പൂർണമായി നശിച്ചു. വിളവെടുക്കാൻ പാകമായ കപ്പയാണ് നശിച്ചത്. കർഷകർക്ക് വൻ തുകയാണ് നഷ്ടമായത്.