mansoon

ചങ്ങനാശേരി: തിങ്കളാഴ്ച രാത്രി മുതൽ പെയ്ത ശക്തമായ മഴയിൽ താലൂക്കിന്റെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് അനുഭവപ്പെട്ടു. പറാൽ, വലുമ്മേച്ചിറ, മഞ്ചാടിക്കര, കാക്കാംതോട് എന്നിവിടങ്ങളിൽ തോടുകളും ഓടകളും കരകവിഞ്ഞ് ഒഴുകി. പറാൽ റോഡിന്റെ തുടക്കഭാഗത്ത് റോഡിൽ വെള്ളം കയറി. വലുമ്മേച്ചിറ തോട് കരകവി‍ഞ്ഞൊഴുകി. സമീപത്തെ പല വീടുകളുടെ മുറ്റത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. മഞ്ചാടിക്കരയിൽ നിന്ന് കാക്കാംതോട് ഭാഗത്തേക്ക്‌ പോകുന്ന റോഡിൽ വെള്ളം കയറി. വരും ദിവസങ്ങളിൽ മഴ രൂക്ഷമായി തുടർന്നാൽ പ്രദേശത്തെ വീടുകളിൽ വെള്ളം കയറും എന്ന ആശങ്കയിലാണ് നാട്ടുകാർ.

തൊഴിലുറപ്പ് തൊഴിലാളികൾക്ക് കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ശമ്പള കുടിശിക നഗരസഭയിൽ നിന്ന് ലഭിക്കാൻ ഉള്ളതിനാൽ നീരൊഴുക്കു സുഗമമാക്കുന്നതിനുള്ള മഴക്കാല പൂർവ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിന്റെ ഫലമായി ചെറിയ തോടുകൾ നിറഞ്ഞതും വെള്ളക്കെട്ടിന് കാരണമായെന്ന് അധികൃതർ പറയുന്നു. ഇന്നലെ വൈകിട്ടും വെള്ളക്കെട്ട് ഒഴിയാത്ത പ്രദേശങ്ങൾ ഉണ്ട്.