പാലാ: ചൊവ്വാഴ്ച രാവിലെ യാത്രപോയവർ തിരികെയെത്തിയപ്പോൾ പാലാ മേഖലയിലെ പ്രധാന റോഡുകളിലെല്ലാം വെള്ളക്കെട്ടിൽ.
മറുവഴി അറിയാതെ വാഹനയാത്രക്കാർ കുഴങ്ങുന്ന സ്ഥിതി എല്ലാ വെള്ളപ്പൊക്കകാലത്തെ പതിവ് കാഴ്ചയായി. രാവിലെ തകർത്തു പെയ്ത മഴയിൽ പാലാ ഈരാറ്റുപേട്ട റോഡിൽ മൂന്നാനിയിലും പനയ്ക്കപ്പാലത്തും വെള്ളം കയറി. പാലാ പൊൻകുന്നം റോഡിൽ കടയത്തും മുരിക്കുംപുഴയിലും, പാലാകുറവിലങ്ങാട് റോഡിൽ വള്ളിച്ചിറ മണലേൽ, മുറിഞ്ഞാറ എന്നിവിടങ്ങളിലും രാമപുരം റൂട്ടിൽ കരൂരിലും വെള്ളം കയറിയത് കാർ, ടൂ വീലർ യാത്രക്കാരുടെ യാത്രമുടക്കി. യാത്ര തുടരാൻ വഴി തേടേണ്ട സ്ഥിതി പലരെയും വലച്ചു. സമീപ റോഡുകളുണ്ടെങ്കിലും ദിശാബോർഡുകൾ ഇല്ലാത്തതാണ് വഴിതിരിഞ്ഞു പോകുവാൻ ബുദ്ധിമുട്ടാകുന്നത്. എറണാകുളം, തൃശൂർ ഭാഗത്തേയ്ക്കുള്ള പ്രധാന കവാടമായ പാലായിലെ ഗതാഗതതടസം നിരവധി പേരെയാണ് ബാധിക്കുന്നത്.
റോഡ് ഉയർത്തണം, പക്ഷേ നടപടികളില്ല
പാലാ-പൂഞ്ഞാർ പാതയിൽ വെള്ളക്കെട്ട് പതിവായ മൂന്നാനിയിൽ റോഡ് ഉയർത്തുന്നതിനുള്ള നിർദ്ദേശം ബഡ്ജറ്റിലുണ്ട്. എന്നാൽ ഇതുസംബന്ധിച്ച് തുടർ നടപടികളില്ല. നഗരത്തിൽ വെള്ളം കയറിയാൽ ബൈപാസിലേക്ക് കയറണമെങ്കിൽ ജനറൽ ആശുപത്രി റോഡ് മാത്രമാണുള്ളത്. റോഡ് വികസനത്തിനായി അനുവദിച്ച 3.5 കോടി രൂപയും പാഴായി. ഒരുനിര വാഹന ഗതാഗതം മാത്രമെ ഇതുവഴി സാദ്ധ്യമാകൂ. കുറവിലങ്ങാട് റോഡിൽ വെള്ളം കയറുന്ന മണലേൽ, മുറിഞ്ഞാറ പാലം ഉയർത്തണമെന്ന ആവശ്യത്തിലും നടപടികൾ ഉണ്ടായിട്ടില്ല.
മഴക്കാലത്ത് വെള്ലക്കെട്ട് രൂപപ്പെടുന്ന ഭാഗങ്ങളിൽ റോഡ് ഉയർത്തണം. ജനറൽ ആശുപത്രി റോഡ് 15 മീറ്റർ വീതിയിൽ നിർമ്മിച്ച് യാത്രാതടസം ഒഴിവാക്കണം.
ജയ്‌സൺ മാന്തോട്ടം,
ചെയർമാൻ, പാസഞ്ചേഴ്സ് അസോസിയേഷൻ
ഫോട്ടോ അടിക്കുറിപ്പ്
ജയ്‌സൺ മാന്തോട്ടം