മുണ്ടക്കയം : എരുമേലി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കുടിവെള്ളവിതരണത്തിന്റെ ഭാഗമായി വീടുകളോട് ചേർന്ന് ഘടിപ്പിച്ചിട്ടുള്ള വാട്ടർ മീറ്ററുകൾ മോഷണം പോകുന്നു. തമ്പുരാൻകുന്ന്, ശ്രീനിപുരം കോളനി, മറ്റന്നൂർക്കര എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. മീറ്ററിന്റെ അനുബന്ധ സാധനങ്ങൾ പിത്തള ലോഹം ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. ഇത് ആക്രിസാധനമായി വിൽക്കാനാണ് മോഷണമെന്നാണ് സൂചന. ഒരു മീറ്ററിന് അഞ്ഞൂറിന് മുകളിൽ വില ലഭിക്കും. ചുരുങ്ങിയത് 2 മീറ്ററെങ്കിലുമുണ്ടാകും. പുതിയ മീറ്ററുകളിൽ പിത്തള ലോഹം കുറച്ച് മാത്രമാണുള്ളത്. കൂടുതലും പഴയ മീറ്ററുകളാണ് മോഷണം പോയത്. ഇത് സംബന്ധിച്ച് നിരവധിപ്പേർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഉപഭോക്താവിന് നൂലാമാലകളേറെ
രണ്ടാമത് മീറ്റർ ഘടിപ്പിക്കണമെങ്കിൽ ഉപഭോക്താവിന് നൂലാമാലകൾ ഏറെയാണ്. ഉടൻ വാട്ടർ അതോറിട്ടിയെ അറിയിക്കുകയും, പ്രാദേശിക പൊലീസ് സ്റ്റേഷനിൽ പരാതി രജിസ്റ്റർ ചെയ്യുകയും വേണം. തുടർന്ന് സ്റ്റേഷനിൽ നിന്ന് ലഭിച്ച എഫ്.ഐ.ആർ സഹിതം ജലകണക്ഷൻ പുനഃസ്ഥാപിക്കുന്നതിനായി എ.ഇ.യ്ക്ക് അപേക്ഷ നൽകണം. എ.ഇ.യുടെ പരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉപഭോക്താവിന്റെ ചെലവിൽ പുതിയ മീറ്റർ വാങ്ങി ഓഫീസിൽ പതിപ്പിക്കണം. നഷ്ടപ്പെട്ട മീറ്ററിന്റെ റീഡിംഗ് എടുത്തതാണോ തുടങ്ങിയ കാര്യങ്ങളിലും വ്യക്തതയുണ്ടാകണം.