കരൂർ: പയപ്പാർ ചെക്ക് ഡാമിൽ തൊഴിലാളി മുങ്ങിമരിക്കാനിടയായ സംഭവത്തിൽ അടിയന്തിര പഞ്ചായത്ത് കമ്മറ്റി വിളിച്ച് വിഷയം ചർച്ച ചെയ്യാൻ തീരുമാനം. നാട്ടുകാരിൽ ചിലർ പഞ്ചായത്ത് മെമ്പർക്കെതിരെ വിഷയത്തിൽ ഗുരുതര ആക്ഷേപം ഉയർത്തിയിരുന്നു. പ്രദേശത്തെ കുടുംബങ്ങൾ പഞ്ചായത്ത് അംഗത്തെ നേരിൽകണ്ട് ആവശ്യപ്പെട്ടിട്ടും ഡാം തുറക്കാൻ നടപടി സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം. പയപ്പാർ ഉറുമ്പിൽ ജോസഫ് സ്‌കറിയ (രാജു 53) കഴിഞ്ഞയാഴ്ചയാണ് പയപ്പാർ കവറുമുണ്ട ചെക്ക്ഡാമിലെ ഷട്ടർ ഉയർത്തുന്നതിനിടെ മുങ്ങിമരിച്ചത്. പഞ്ചായത്ത് അധികാരികളുടെ ഭാഗത്തുനിന്നുണ്ടായ അലംഭാവമണ് രാജു ഡാമിന്റെ ഷട്ടറുകളിൽ കുടുങ്ങി മരിക്കാനിടയായതെന്നാണ് ആരോപണം. അതേസമയം മരിച്ചയാളുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ കമ്മറ്റി പരിഗണിക്കുമെന്ന് വൈസ് പ്രസിഡന്റ് ബെന്നി മുണ്ടത്താനം വ്യക്തമാക്കി. ഡാമിനുള്ളിൽ വെള്ളം നിറയുന്നതിനു മുമ്പ് ഷട്ടറുകൾ തുറക്കണമെന്ന് നാട്ടുകാർ പലതവണ സ്ഥലത്തെ പഞ്ചായത്ത് അംഗത്തോട് ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്നാണ് ആക്ഷേപം. ഒടുവിൽ ഡാം കരകവിഞ്ഞ് തുടങ്ങിയപ്പോഴാണ് ഷട്ടർ തുറക്കാൻ പഞ്ചായത്ത് അധികൃതർ വാക്കാൽ നിർദേശം നല്കിയതെന്ന് പറയപ്പെടുന്നു.
സ്വപ്നഭവനം പാതിവഴിയിൽ
രാജുവിനും കുടുംബത്തിനുമായി ആണ്ടൂക്കുന്നേൽ കുടുംബം കരൂർ വൈദ്യശാല ജംഗ്ഷനിൽ വീട് നിർമ്മിക്കുകയാണ്. വീട് നിർമ്മാണം പാതിഘട്ടത്തിൽ എത്തിനിൽക്കുമ്പോഴായിരുന്നു രാജുവിന്റെ അപ്രതീക്ഷിത വേർപാട്.