ചങ്ങനാശേരി : ജില്ലയിലെ താറാവ്- കോഴി കർഷകരിൽ ആശങ്ക സൃഷ്ടിച്ച് പായിപ്പാട്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. പായിപ്പാട് മൂലേൽ പുതുവേൽ സ്വദേശി ഔസപ്പ് മാത്യു (മനോജ്)വിന്റെ ഉടമസ്ഥതയിലുള്ള താറാവുകൾക്കാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. എട്ട്യാകരി, കൈപ്പുഴാക്കൽ പാടശേഖരത്തിന് സമീപം മനോജിന്റെ ഉടമസ്ഥയിലുള്ള 7000 ത്തോളം മുട്ടത്താറാവുകളെ വിവിധ ദിവസങ്ങളിലായി ചത്തനിലയിൽ കണ്ടെത്തിയിരുന്നു. ഇതോടെയാണ് ചത്ത താറാവുകളുടെ സാംപിൾ ഭോപ്പാലിലെ ലാബിലേക്ക് അയച്ചത്. പരിശോധനാഫലം ഇന്നലെ ലഭിച്ചതോടെയാണ് രോഗബാധ സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ ഔസേപ്പ് മാത്യുവിന്റെ ഉടമസ്ഥതയിലുള്ള മുഴുവൻ താറാവുകളെയും കൊന്ന് കത്തിക്കാൻ മൃഗസംരക്ഷണവകുപ്പ് തീരുമാനിച്ചു. പതിനായിരത്തോളം താറാവുകളാണ് ശേഷിക്കുന്നത്.
താറാവുകളെ കുഴിച്ചുമൂടില്ല
പായിപ്പാട് വെള്ളപ്പൊക്കദുരിതത്തിൽപ്പെട്ട പ്രദേശമായതിനാൽ താറാവുകളെ കുഴിച്ചുമൂടാനാകാത്ത സാഹചര്യമാണ്. ഇതിനെ തുടർന്നാണ്
താറാവുകളെ കത്തിച്ചുകളയാൻ തീരുമാനിച്ചത്. ഇതിന് 20 ഇൻസിനേറ്ററുകൾ ആവശ്യമാണ്. ഇവ സ്ഥലത്ത് എത്തിച്ചുതുടങ്ങിയിട്ടുണ്ട്. പ്രദേശത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള സ്ഥലങ്ങളെ പ്രത്യേക സോണായി തിരിച്ചു മൃഗസംരക്ഷണ വകുപ്പ് നിരീക്ഷണം നടത്തുന്നുണ്ട്.പായിപ്പാട് പഞ്ചായത്തിലെ മറ്റുവാർഡുകളിലും ചങ്ങനാശേരി നഗരസഭയിലും വാഴപ്പള്ളി, തൃക്കൊടിത്താനം, കുറിച്ചി ഗ്രാമപഞ്ചായത്തുകളിലും ജൂൺ രണ്ടു വരെ നാലു ദിവസത്തേക്ക് പക്ഷികളുടെയും അവയുടെ ഉത്പ്പന്നങ്ങളുടെയും വിപണനവും കടത്തലും നിരോധിച്ചു.
ഔസേപ്പ് മാത്യുവിന്റെ ഉടമസ്ഥതയിൽ: 18000 താറാവുകൾ
കൊന്ന് കത്തിക്കേണ്ടത്: 10000 ലേറെ താറാവുകളെ
ആകെ നഷ്ടം: 60 ലക്ഷം
ജപ്തി ഭീഷണി, കണ്ണീരോടെ കർഷകൻ
പക്ഷിപ്പനി താറാവുകൾ കൂട്ടത്തോടെ ചത്തത് കർഷകനായ ഔസേപ്പ് മാത്യുവിന് കടുത്ത സാമ്പത്തിക ബാധ്യതയായി. ജപ്തിയുടെ വക്കിലെത്തിയ സ്വന്തം വീട് തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷകൾക്കും തിരിച്ചടിയായി. വീട് ഈട് വച്ചാണ് നെൽകൃഷിയും താറാവ് കൃഷിയും നടത്തിയത്. രണ്ട് വർഷം മുമ്പും 20000 താറാവുകൾ ചത്തിരുന്നു.വിൽക്കാൻ കരുതിയ ആയിരക്കണക്കിനു മുട്ടകളും നശിച്ചു.