lp-school

വൈക്കം: പുതിയ അദ്ധ്യയനവർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ ഉദയനാപുരം വാഴമന ഹരിജൻ വെൽഫെയർ എൽ.പി സ്കൂളിന്റെ പ്രവർത്തനം സംബന്ധിച്ച് ആശങ്ക. സ്വന്തമായി സ്കൂളിന് കെട്ടിടം ഇല്ലാത്ത അവസ്ഥ വന്നതോടെയാണ് പ്രവർത്തനം പ്രതിസന്ധി നേരിടുന്നത്. 70ഒാളം കുട്ടികൾ പഠിച്ചിരുന്ന സ്കൂളിൽ കഴിഞ്ഞ തവണ ഉണ്ടായത് 24 വിദ്യാർത്ഥികളും നാല് അദ്ധ്യാപകരും മാത്രമാണ്. വൈക്കം വാഴമന മുട്ടുങ്കൽ റോഡിനു സമീപത്ത് 12 സെന്റ് സ്ഥലത്താണ് എൽ.പി സ്‌കൂൾ സ്ഥിതി ചെയ്തിരുന്നത്.

അപകടഭീഷണിയിലായ സ്കൂൾ കെട്ടിടം പൊളിച്ചുനീക്കിയിട്ട് വർഷങ്ങളായി. ഇതുവരെ പുനർനിർമ്മിച്ചിട്ടില്ല. പ്രളയകാലത്ത് സ്കൂൾ കെട്ടിടം വെള്ളത്തിൽ മുങ്ങുകയും ഭിത്തി തകർന്ന് അപകടസ്ഥിതിയിലാകുകയും ചെയ്തതോടെയാണ് കെട്ടിടം പൊളിച്ചുനീക്കിയത്. തുടർന്ന് കുട്ടികളുടെ പഠനം സ്കൂളിൽനിന്ന് ഒന്നരക്കിലോമീറ്റർ അകലെ കൊടിയാട് കമ്മ്യൂണിറ്റി ഹാളിലേക്ക് മാറ്റേണ്ടി വന്നു. എൽ.കെ.ജി, യു.കെ.ജി വിദ്യാർത്ഥികളടക്കം ഇപ്പോൾ പഠിക്കുന്നത് ഇവിടെയാണ്. പരിമിതമായ സൗകര്യത്തിലുള്ള പഠനം കുട്ടികളെയും അദ്ധ്യാപകരെയും ഒരുപോലെ ദുരിതത്തിലാക്കുന്നു.

പതി​റ്റാണ്ടുകളായി പ്രവർത്തിച്ചിരുന്ന സ്‌കൂൾ കെട്ടിടം പുനിർമ്മിക്കാൻ സി.കെ. ആശ എം.എൽ.എയുടെ ശ്രമഫലമായി 2021 ജൂലൈയിൽ സംസ്ഥാന സർക്കാർ ഒരു കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ വർഷങ്ങൾ പിന്നിട്ടിട്ടും തുടർനടപടികൾ നടക്കുന്നില്ല.

റോഡിൽ നിന്ന് വളരെ താഴ്ന്ന പുരയിടത്തിലായിരുന്നു കെട്ടിടം. നിലവിലെ സ്ഥലത്തു തന്നെ കെട്ടിടം പുനർനിർമ്മിച്ചാൽ വെള്ളം കയറി വീണ്ടും കെട്ടിടത്തിനു ബലക്ഷയമുണ്ടാകുന്നതിനാൽ സ്കൂളിരുന്ന സ്ഥലം റോഡിനൊപ്പം ഉയർത്തി കെട്ടിടം പുനർനിർമ്മിക്കാൻ കൂടുതൽ തുക അനുവദിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സ്കൂളിന്റെ പ്രവർത്തനം പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ പുതുതായി എത്ര കുട്ടികൾ ഇവിടെ പഠിക്കാനെത്തുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.