
വൈക്കം: ഇനി എന്ത് ചെയ്യും? ചുറ്റും വെള്ളമാണ്. ജലനിരപ്പ് ഉയരുംതോറും കല്ലറ,മുണ്ടാർ,വാക്കേത്തറ പ്രദേശങ്ങളിലെ കുടുംബങ്ങളുടെ ദുരിതവും ഇരട്ടിയാകും. റോഡ് വികസനം ഉൾപ്പെടെ ഇഴയുന്ന പ്രദേശത്തെ 650 ലേറെ കുടുംബങ്ങളാണ് വെള്ളപ്പൊക്ക ദുരിതങ്ങളിൽ പെട്ടുപോയത്. വെള്ളക്കെട്ടിൽ നിന്ന് പുറംലോകത്തേക്ക് എത്താൻ അത്രയേറെയാണ് വെല്ലുവിളി. വെള്ളത്തിൽ മുങ്ങിയ റോഡിലൂടെയുള്ള യാത്ര വെല്ലുവിളിയാണ്. തോട്ടകം ഗവ.എൽ.പി സ്‌കൂൾ ജംഗ്ഷനിൽ നിന്നും കല്ലറ,മുണ്ടാർ,വാക്കേത്തറ പ്രദേശങ്ങളെ പ്രധാന നിരത്തുമായി ബന്ധിപ്പിക്കുന്ന ഒൻപത് കിലോമീറ്റർ ദൈർഘ്യമുള്ള റോഡിലെ ആറ് കിലോമീറ്ററോളം വരുന്ന ഭാഗത്ത് കാൽനടപോലും സാധ്യമില്ല. തലയാഴം, കല്ലറ പഞ്ചായത്തുകാർക്ക് പുറലോകത്തേക്ക് എത്താൻ കിലോമീറ്ററുകളോളം നീന്തണം.
ഫണ്ട് അനുവദിച്ചു, പക്ഷേ ഇഴയുന്നു
എട്ട് മീറ്റർ വീതിയുള്ള റോഡ് ആധുനിക നിലവാരത്തിൽ പുനർനിർമ്മിക്കുന്നതിന് കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 20 കോടി രൂപ അനുവദിച്ചെങ്കിലും തുടർനടപടി ഇഴയുകയാണ്. വൈക്കത്തെ മൂന്ന് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന നിർദ്ദിഷ്ട കല്ലറ-മുണ്ടാർ-വാക്കേത്തറ റോഡ് പൂർത്തിയായാൽ 5000 ഏക്കറോളം നെൽകൃഷിക്ക് ഉൾപ്പെടെ ഗുണകരമാകും. തലയാഴം പഞ്ചായത്ത് പരിധി കഴിഞ്ഞ് കല്ലറ പഞ്ചായത്തിലേയ്ക്ക് കടന്നാൽ പാടശേഖരത്തിന് നടുവിലൂടെ കടന്നുപോകുന്ന റോഡ് പാടത്തിനൊപ്പം താഴ്ന്ന നിലയിലാണ്.
ഗുണങ്ങളേറെ..
അവികസിത പ്രദേശമായിട്ടും വൈക്കത്തെ ഉൾനാടൻ വിനോദസഞ്ചാരമേഖലയിലെ ഇടത്താവളങ്ങളിലൊന്നാണ് മുണ്ടാർ. റോഡ് വികസനം സാധ്യമായാൽ വിനോദസഞ്ചാരരംഗത്ത് മുണ്ടാറിന് വലിയയൊരു കുതിച്ചുചാട്ടം സാധ്യമാകും.