autor

തിരുവാർപ്പ്: യാത്രക്കാരനെ ഇറക്കിയ ശേഷം തിരിയ്ക്കുന്നതിനിടെ തോട്ടിൽ വീണ ഓട്ടോറിക്ഷ ഒരു ദിവസം നീണ്ടുനിന്ന തിരച്ചിലിനൊടുവിൽ കണ്ടെത്തി. തിരുവാർപ്പ് കട്ടപ്പുറത്ത് ധനരാജൻ ഓടിച്ച ഒാട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്. തിരുവാർപ്പ് 16-ാം വാർഡ് അംബേദ്കർ കോളനി മണലടിച്ചിറ റോഡിൽ കേളക്കരി ഭാഗത്ത് ആളെ ഇറക്കിയ ശേഷം തിരിയ്കുന്നതിനിടെ നിയന്ത്രണം തെറ്റി തോട്ടിലേക്ക് വീഴുകയായിരുന്നു. ഓട്ടോ ശക്തമായ ഒഴുക്കിൽപ്പെട്ടെങ്കിലും ഡ്രൈവർ നീന്തി രക്ഷപ്പെട്ടു. ആളപായമില്ല. ഉടൻ ഫയർഫോഴ്സ് ടീം എത്തി മണിക്കൂറുകൾ തപ്പിയെങ്കിലും കണ്ടെത്താനാകാതെ മടങ്ങുകയായിരുന്നു. ഇന്നലെ രാവിലെ തന്നെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തോട്ടിലാകെ നടത്തിയ പരിശോധനയിൽ വൈകിട്ട് 4 മണിയോടെ 250 മീറ്ററോളം ഒഴുകി മാറിയ നിലയിലാണ് ഓട്ടോറിക്ഷ കണ്ടെത്തിയത്. ആഴമേറിയ തോട്ടിൽ ശക്തമായ അടിയൊഴുക്കുള്ളതിനാൽ അപകട സാദ്ധ്യത ഏറെയാണെന്നാണ് നാട്ടുകാർ പറയുന്നത്.