കോട്ടയം: കുമാരനല്ലൂർ ഗവ.യു.പി സ്‌കൂളിന്റെ ക്ളാസ് റൂം ചുവരുകളിലെ വരകളിൽ വിരിയുന്ന ചിരിയാണ് ഈ കുടുംബത്തിന്റെ മെയിൻ! മകൻ പഠിക്കുന്ന സ്കൂൾ ചിത്രങ്ങൾക്കൊണ്ട് വ്യത്യസ്തമാക്കാൻ മക്കൾക്കൊപ്പം ബ്രഷുമായിറങ്ങിയ പിതാവ്. അതേ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി ധ്യാൻചന്ദിനേയും കൂട്ടി അച്ഛനും ചിത്രകാരനുമായ കുമാരനല്ലൂർ കൊല്ലംപറമ്പിൽ അനു കെ.ഭാസ്‌കരൻ ക്ളാസ് മുറികൾ കളർഫുള്ളാക്കുകയാണ്. കൂടെ ധ്യാനിന്റെ സഹോദരൻ ഗോപിചന്ദും. സ്‌കൂൾ തുറക്കും മുമ്പ് ക്ളാസ് മുറികൾ ചിത്രങ്ങൾകൊണ്ട് സുന്ദരമാക്കാമെന്ന അനുവിന്റെ ആശയത്തിന് നിറമേകാൻ പി.ടി.എയും അദ്ധ്യാപകരും ഒപ്പംനിന്നു. ധ്യാൻചന്ദും ഗോപിചന്ദും പിതാവിനൊപ്പംബ്രഷെടുത്തു. ഇനാമൽ പെയിന്റിൽ മരങ്ങളും ചെടികളും പൂക്കളും ചിത്രശലഭങ്ങളും ഡോറയും ട്രെയിനുമൊക്കെ ചുവരുകളിൽ നിറഞ്ഞു. വരകണ്ട് കൗതുകം തോന്നിയ മറ്റുകുട്ടികൾക്കും അവസരം നൽകി. കുഞ്ഞിലയെങ്കിലും കോറിയിട്ടവരുമുണ്ട്. ഓഫീസ് അസി.സുധാലക്ഷ്മിയും ചിത്രങ്ങൾ വരയ്ക്കാൻ കൂട്ടുചേർന്നു. കുമാരനല്ലൂർ ക്ഷേത്രത്തിന് സമീപമുള്ള സ്‌കൂളിൽ കളിപ്പാട്ടങ്ങളും മരങ്ങളും ചേർന്ന ഭംഗിയാർന്ന അന്തരീക്ഷമാണ്. വിവിധ ക്ലാസുകളിലായി നൂറിലേറെ വിദ്യാർത്ഥികൾ പഠിക്കുന്നു. അദ്ധ്യാപകരടക്കം 10 ജീവനക്കാരുമുണ്ട്.