അയ്മനം : അയ്മനം പന്ത്രണ്ടാം വാർഡ് മഹിളാ സമാജം- മാളികക്കടവ് റോഡിൽ മീനച്ചിലാറിന്റെ തീരത്ത് നിർമ്മാണത്തിലിരുന്ന സംരക്ഷണഭിത്തി ശക്തമായ മഴയിലും മീനച്ചിലാറ്റിലെ വെള്ളപ്പൊക്കത്തിലും തകർന്ന് ആറ്റിൽ വീണു. പുല്ലുകാട്ട് രാജേന്ദ്രന്റെ വീടിനോട് ചേർന്നുള്ള സംരക്ഷണഭിത്തിയാണ് തകർന്നത്. മീനച്ചിലാറിന്റെ തീരവും വീടും തമ്മിൽ അഞ്ചു മീറ്റർ അകലം ഉണ്ടായിരുന്നത് ഒരു മീറ്റർ ആയി ചുരുങ്ങി. 25 ലക്ഷം രൂപ ചെലവിൽ ഇറിഗേഷൻ വകുപ്പിൽ നിന്നുള്ള ഫണ്ട് ഉപയോഗിച്ചാണ് സംരക്ഷണ ഭിത്തിയുടെ നിർമ്മാണം തുടങ്ങിയത്. തകർന്നു പോയ ഭാഗം മണ്ണ് ചാക്കുകൾ നിരത്തിയാണ് മണ്ണിടിച്ചിൽ നിയന്ത്രിച്ചതെന്ന് വാർഡ് മെമ്പർ കെ.ആർ ജഗദീഷ് അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷ് സ്ഥലം സന്ദർശിച്ചു.