പാലാ: കനത്ത മഴ ഒഴിഞ്ഞെങ്കിലും ദുരിതമൊഴിയാതെ കടപ്പാട്ടൂരിലെ കുടുംബങ്ങൾ. വെള്ളം ഇറങ്ങിപ്പോകുവാൻ ഇടമില്ലാത്തവിധം നടത്തിയ റിംഗ് റോഡിന്റെ നിർമ്മാണമാണ് നാട്ടുകാർക്ക് വിനയാകുന്നത്.
ഇതിനുമുമ്പും മീനച്ചിലാർ കരകയറുമ്പോൾ കടപ്പാട്ടൂർ ക്ഷേത്രത്തിന് സമീപത്തുള്ള പല വീടുകളിലും പുരയിടത്തിലും വെള്ളം കയറാറുണ്ട്. അത് അതേപോലെ ഇറങ്ങിപ്പോകാറുമുണ്ട്.
കടപ്പാട്ടൂർ റിംഗ് റോഡ് പണിയുന്നതിന് മുമ്പ് മീനച്ചിലാർ കരകവിയുന്ന വെള്ളം, ആറ്റിലെ ജലനിരപ്പ് താഴുമ്പോൾ പിൻവലിഞ്ഞു പോവുകയായിരുന്നു പതിവ്.
എന്നാൽ റോഡ് നിർമ്മാണത്തിന് ശേഷം കയറിയ വെള്ളം ഇറങ്ങിപ്പോകുവാൻ വഴികളില്ലാത്തതാണ് നാട്ടുകാരെ ദുരിതത്തിലാക്കുന്നത്. കയറിയ വെള്ളം ദിവസങ്ങളോളം കെട്ടി നിൽക്കും. ഇത് വെയിൽ തെളിയുമ്പോൾ തനിയെ വറ്റിപ്പോവുക മാത്രമാണ് ഇപ്പോൾ പ്രതിവിധി. എന്നാൽ കനത്ത മഴമൂലം ഇത് വറ്റുന്നുമില്ല. കാലവർഷം എത്തിയെന്ന് അറിഞ്ഞതോടെ കടപ്പാട്ടൂരുകാരുടെ നെഞ്ചിൽ ഇടിത്തീയാണ്.
വെള്ളം കെട്ടിക്കിടക്കുന്നത് മൂലം കടപ്പാട്ടൂർ അങ്കണവാടി റോഡിന്റെ വശങ്ങളിൽ താമസിക്കുന്നവർക്കാണ് ഏറെ ദുരിതം. വീടിനു ചുറ്റുമുള്ള സ്ഥലങ്ങളിൽ വെള്ളം കെട്ടി നിൽക്കുന്നത് മൂലം നടന്നുപോകുവാൻ പോലും സാധിക്കാത്ത സാഹചര്യമാണുള്ളത്. റോഡ് നിറയെ വെള്ളക്കെട്ടാണ്. റിംഗ് റോഡ് നിർമ്മിച്ചപ്പോൾ വെള്ളം സുഗമമായി ഒഴുകുവാൻ കലുങ്കകളും ഓടകളും നിർമ്മിക്കാത്തതാണ് നാട്ടുകാർക്ക് വിനയാകുന്നത്.
കടപ്പാട്ടൂരിലെ ദുരിതം അധികാരികൾ കണ്ടേ തീരൂ
വെള്ളക്കെട്ടിലൂടെ നടന്നുനീങ്ങുന്ന കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ളവർ കാലവർഷംകൂടി വരുന്നതോടെ നിത്യമുള്ള വെള്ളക്കെട്ടിലൂടെ വേണം അവർക്ക് സ്‌കൂളിൽ പോകാൻ. അധികാരികൾ ഇക്കാര്യത്തിൽ അടിയന്തിര നടപടി സ്വീകരിച്ചേ തീരൂ.
വിനോദ് വിളയത്ത്, കടപ്പാട്ടൂർ