വെച്ചൂരിൽ വെള്ളത്തിലായി 20 ഏക്കർ
വെച്ചൂർ: കനത്തമഴ വെച്ചൂരിലെ ഒരുപറ്റം നെൽകർഷകരുടെ സ്വപ്നങ്ങളാണ് തകർത്തത്. 60 ഏക്കർ വരുന്ന ഊരിക്കരിയിലെ പാടശേഖരത്തിലെ 20 ഏക്കറിലെ കൃഷിയാണ് വെള്ളത്തിലായത്. വൻ തുക ചെലവഴിച്ച് ഉഴുത നിലത്തിൽ ഒരാഴ്ച മുമ്പാണ് വിതച്ചത്. പെരുമഴയ്ക്കൊപ്പം വൈദ്യുതി തടസവും ഇവിടെ വില്ലനായി. മണിക്കൂറുകൾ വൈദ്യുതി തടസപ്പെട്ടതോടെ പമ്പിംഗും തടസപ്പെട്ടു. ഇതോടെ വെള്ലംകെട്ടി നിന്ന് കൃഷി പൂർണമായി നശിച്ചു. പാടശേഖരത്തിലെ ശേഷിക്കുന്ന കർഷകർ നിലം ഉഴുതെങ്കിലും വിതക്കാനായില്ല. അവർ വെള്ളം വറ്റാൻ കാത്തിരിക്കുകയാണ്. ഒരേക്കറിൽ കർഷകർ നാലുചാൽ ഉഴുതിത്തിട്ടുണ്ട്.
ഇരട്ടിച്ചെലവ്, ഇരട്ടി നഷ്ടം
കൃഷി നശിച്ച കർഷകർക്ക് വീണ്ടും നിലം ഉഴുത് വിത്ത് വിതയ്ക്കേണ്ടിവരും. ഇതിനായി വലിയയൊരു തുക കണ്ടെത്തണം. കർഷകർ വീണ്ടും കൃഷിയിറക്കിയാൽ വൈദ്യുതി മുടങ്ങില്ലെന്ന് കർഷകർ ഉറപ്പാക്കണം. കൃഷി നാശം സംഭവിച്ച കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് പാടശേഖരസമിതി പ്രസിഡന്റ് ജയൻ, സെക്രട്ടറി വിശ്വംഭരൻ എന്നിവർ ആവശ്യപ്പെട്ടു.
ഒരു ചാൽ ഉഴാൻ ചെലവ്: 1200 രൂപ