krishy

ഈ വർഷം നശിച്ചത് 29.50 കോടിയുടെ കൃഷി

കോട്ടയം : വരൾച്ചയോടെ തുടക്കം. പിന്നാലെ പെരുമഴയും. കണക്കില്ലാത്ത ചൂടും കാലംതെറ്റിയ മഴയും ജില്ലയിലെ കർഷകരുടെ നട്ടെല്ലൊടിച്ചു. ഈ വർഷം 29.50 കോടി രൂപയുടെ കൃഷിയാണ് നശിച്ചത്. ജനുവരി 1 മുതൽ ഏപ്രിൽ 30 വരെയുള്ള കണക്കു പ്രകാരം ജില്ലയിലുണ്ടായ കൃഷിനാശം 5.75 കോടി രൂപയുടേതായിരുന്നു. പൊള്ളുന്ന വെയിലായിരുന്നു കാരണം. എന്നാൽ കഴിഞ്ഞ മാസം തുടക്കത്തിലെ വെയിലിലും പിന്നീടുണ്ടായ മഴയിലും കാറ്റിലുമുണ്ടായ നഷ്ടം 23.75 കോടി രൂപയും. വേനലിലും മഴയിലും ഏറ്റവും കൂടുതൽ നഷ്ടമുണ്ടായതു നെൽക്കർഷകർക്കാണ്. വേനലിൽ നെൽച്ചെടികൾ ഉണങ്ങി. ഇതിന് പിന്നാലെ വിളവ് പാതിയിലും താഴെയായി. മഴയിൽ നെൽച്ചെടികൾ മുങ്ങിച്ചീഞ്ഞു. ഇരു സീസണിലുമായി 1060 കർഷകരുടെ 946.4 ഹെക്ടർ നെൽകൃഷി നശിച്ചു. നഷ്ടം 14.10 കോടി.

വഴുതി വീണ് വാഴക്കർഷകർ
വെയിലും മഴയും കനത്ത നഷ്ടമുണ്ടാക്കിയത് വാഴക്കർഷകർക്കാണ്. കഴിഞ്ഞ മാസം മാത്രം കുലച്ചതും, കുലയ്ക്കാത്തുമായ 9.74 കോടിയുടെ വാഴ നശിച്ചു. 109142 കുലച്ച വാഴകൾ ഈ മാസം നശിച്ചു. കായ്ഫലമുള്ളത് ഉൾപ്പെടെ 5.50 കോടി രൂപയുടെ തെങ്ങും, 62.2 ലക്ഷം രൂപയുടെ റബറും കഴിഞ്ഞ മാസം നശിച്ചു. ജനുവരി ഒന്ന് മുതൽ ഇന്നലെ വരെ 1583.32 ഹെക്ടർ കൃഷി നശിച്ചു, 6260 കർഷകർക്കാണ് നഷ്ടം. വെള്ളപ്പൊക്കത്തിലെ നഷ്ടത്തിന്റെ കണക്ക് ഇതുവരെ തിട്ടപ്പെടുത്തിയിട്ടില്ല. പച്ചക്കറി, വാഴ, മരച്ചീനി കർഷകർക്കാണ് കൂടുതൽ നഷ്ടം.

നഷ്ടക്കണക്ക്

കുരുമുളക് : 66. 28 ലക്ഷം

ജാതി : 44 ലക്ഷം

പൈനാപ്പിൾ : 60000

കപ്പ : 5.50 ലക്ഷം

പച്ചക്കറി : 19.2 ലക്ഷം

ആകെ നാശം: 29.50 കോടി

വരൾച്ച: 5.75 കോടി

പ്രളയം: 23.75 കോടി

'' നഷ്ടപരിഹാരം നൽകാനുള്ള നടപടികൾ പുരോഗമിക്കുകയാണ്''

ജില്ലാ കൃഷി ഓഫീസർ